യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാവ് അതീഖുര്‍ റഹ്മാന്റെ ആരോഗ്യ നില ഗുരുതരം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലഖ്‌നോ: ഹാഥ്രസില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെ അറസ്റ്റിലായ വിദ്യാര്‍ഥി നേതാവ് അതീഖ് റഹ്മാന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആഗ്ര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പിഎംഎല്‍എ കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്.
അതീഖിനൊപ്പം മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ, മസൂദ് അഹമ്മദ്, റഊഫ് ശരീഫ്, ഡ്രൈവര്‍ ആലം എന്നിവര്‍ക്കെതിരെ യുഎപിഎ കേസ് കെട്ടിച്ചമച്ചതിനു പിന്നാലെയാണ് പിഎംഎല്‍എ ആക്റ്റ് പ്രകാരം എന്‍ഫോര്‍സ്‌മെന്റ് ഡയറക്ട്ടറേറ്റ് (ഇ.ഡി) 2021 ഫെബ്രുവരിയില്‍ വീണ്ടുമൊരു കള്ളകേസ് ചുമത്തിയത്.
ലഖ്‌നോ പിഎംഎല്‍എ കോടതിയില്‍ റെഗുലര്‍ ഹിയറിങിനായി മഥുര ജില്ലാ കോടതിയില്‍ നിന്ന് അഞ്ച് പേരെയും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോയിരുന്നു. വഴിയില്‍ വെച്ച് ഹൃദ്രോഗിയായ അതിഖുര്‍ റഹ്മാന് കഠിനമായ നെഞ്ച് വേദന അനുഭവപ്പെടുകയും തുടര്‍ന്ന് അദ്ദേഹത്തെ ആഗ്രയിലുള്ള സരോജിനി നായിഡു ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
കുറച്ചു മാസം മുന്‍പ്, കൊവിഡ് മഹമാരി യുടെ രണ്ടാം തരംഗ കാലയളവില്‍ അദ്ദേഹം ജയിലില്‍ ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിശദീകരിച്ച് എയിംസില്‍ പ്രത്യേക ചികിത്സ നല്‍കണമെന്ന ആവശ്യം മുന്‍നിര്‍ത്തി സീനിയര്‍ അഡ്വ. മധുവണ്ടട്ട് ചതുര്‍വേദി മഥുര അഡിഷണല്‍ സെഷന്‍സ് ജഡ്ജ് 1 മുന്‍പാകെ നിരവധി തവണ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും നിരസിക്കുകയായിരുന്നു. പിന്നീട് അദ്ദേഹം അലഹബാദ് ഹൈകോടതി മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു. അത് കേള്‍ക്കാനിരിക്കെ സര്‍ക്കാര്‍ അഡ്വക്കേറ്റ് ഹൈകോടതിയില്‍ ഹാഥ്രസ് യുഎപിഎ കേസുമായി ബന്ധപ്പെട്ട് പത്തില്‍ കൂടുതല്‍ പെറ്റീഷനുകള്‍ കോടതിക്കു മുന്‍പാകെ ഉണ്ടെന്നും അവ ഒരുമിച്ച് കേള്‍ക്കണമെന്നും അഭ്യര്‍ഥിച്ചു.
അതീകുര്‍ റഹ്മാന്റെ അഭ്യര്‍ത്ഥന മാനിച്ച് കോടതി മുന്‍പുള്ള പെറ്റീഷനുകളൊക്കെയും ഒരുമിച്ച് ഡിവിഷന്‍ കോടതി മുന്‍പാകെ സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. ഈ മാസം 13നും 15നുമായി സീനിയര്‍ കൗണ്‍സില്‍ ഫര്‍മാന്‍ അഹമ്മദ് നഖ്‌വിയുടെ വാദങ്ങള്‍ കോടതി കേട്ടിരുന്നു. പിന്നീട് വീണ്ടും കേസ് ഇന്നത്തേക്ക് മാറ്റി.
അതീഖിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്ന് കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ് എം എസ് സാജിദ് ആവശ്യപ്പെട്ടു.