സിദ്ദീഖ് കാപ്പന്റെ അന്യായ അറസ്റ്റ്: യുപി സര്‍ക്കാറിനോട് സുപ്രിം കോടതി വിശദീകരണം തേടി
വെള്ളിയാഴ്ച്ച ജാമ്യഹരജി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അന്യായമായി യുഎപിഎ ചുമത്തി ജയിലലടച്ചതില്‍ ആദ്യത്യനാഥ് സര്‍ക്കാറിനോട് സുപ്രീംകോടതി വിശദീകരണം തേടി.ഇന്ന് സിദ്ദീഖ് കാപ്പന്റെ ജാമ്യഹരജി പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി അറസ്റ്റിനെ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് യുപി സര്‍ക്കാറിന് നോട്ടീസ് അയച്ചത്. വെള്ളിയാഴ്ചയ്ക്ക് മുമ്പ് വിശദീകരണം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. വെള്ളിയാഴ്ച്ച ജാമ്യഹരജി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനാണ് ഹരജി സമര്‍പ്പിച്ചത്. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ സുപ്രിം കോടതി പറഞ്ഞതിനു വിരുദ്ധമായി സിദ്ദീഖ് കാപ്പനെ കാണാന്‍ അഭിഭാഷകന് മഥുര കോടതിയും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് കെയുഡബ്ല്യുജെ വീണ്ടും സുപ്രീംകോടതിയിലെത്തിയത്.
മഥുര ജയിലില്‍ കഴിയുന്ന സിദ്ദീഖ് കാപ്പന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഹരജിയില്‍ സുപ്രിം കോടതിയെ അറിയിച്ചു. തടവുകാര്‍ക്ക് നല്‍കുന്ന അവകാശങ്ങള്‍ പോലും ഹനിക്കപ്പെടുകയാണെന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. ജയില്‍ കെട്ടിടത്തിലെ ഭീകരാവസ്ഥകളും കാണാന്‍ പോയപ്പോള്‍ അഭിഭാഷകന് നേരിട്ട അനുഭവങ്ങളും വ്യക്തമാക്കിയുമുള്ള സത്യവാങ്മൂലവും അഭിഭാഷകന്‍ ജാമ്യഹരജിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം അഞ്ചിനാണ് സിദ്ദീഖ് കാപ്പനടക്കം നാലു പേരെ മഥുര പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചെന്നും സമാധാനാന്തരീക്ഷം തകര്‍ക്കാനും ശ്രമിച്ചെന്നുമാരോപിച്ചായിരുന്നു അറസ്റ്റ്. എന്നാല്‍, പിന്നീട് രാജ്യദ്രോഹക്കുറ്റം ഉള്‍പ്പടെ കൂടുതല്‍ കുറ്റങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.