സിദ്ദീഖ് കാപ്പനെയും കാംപസ് ഫ്രണ്ട് നേതാക്കളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു
മഥുര സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായി ഒരു മാസത്തിനു ശേഷം ഇവരെ പോലിസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്.
മഥുര: ഹാഥ്‌റസിലേക്കു പോകുന്ന വഴി ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തിയ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെയും കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ഖജാഞ്ചിയും യുപി സ്വദേശിയുമായ അഥീഖുര്‍റഹ്‌മാന്‍, ജാമിഅ വിദ്യാര്‍ഥിയും കാംപസ് ഫ്രണ്ട് ഡല്‍ഹി പ്രതിനിധിയുമായ മസൂദ് അഹ്‌മദ്, ഡ്രൈവര്‍ ആലം, എന്നിവരെയും കോടതി രണ്ടു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു.
മഥുര സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് സുരേഷ് കുമാര്‍ ആണ് അറസ്റ്റിലായി ഒരു മാസത്തിനു ശേഷം ഇവരെ പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിട്ടത്. വെള്ളിയാഴ്ച്ച വൈകുന്നേരം വരെയാണ് പോലിസ് കസ്റ്റഡിയെന്ന് അഭിജ്ഞവൃത്തങ്ങള്‍ അറിയിച്ചു. സിദ്ദീഖ് കാപ്പനും വാഹനത്തിന്റെ ഡ്രൈവര്‍ ഉള്‍പ്പടെയുള്ള മൂന്നുപേരും അറസ്റ്റിലായി ഒരു മാസമായിട്ടും ഇവരുടെ അഭിഭാഷകരെ കാണാന്‍ അനുവദിച്ചിട്ടില്ല. ജയിലില്‍ ചെന്നാല്‍ കാണാമെന്ന് കോടതി വാക്കാല്‍ പറയുമ്പോള്‍ കോടതി ഉത്തരവില്ലാതെ കാണിക്കില്ലെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. അറസ്റ്റിലായവരെ കാണുന്നതിനും ഇടക്കാല ജാമ്യത്തിനും വേണ്ടി സുപ്രിം കോടതില്‍ ഹരജി നല്‍കിയിട്ടുണ്ടെങ്കിലും ഇതിലും തീരുമാനമുണ്ടായിട്ടില്ല. ഏറ്റവും ഒടുവിലായി ഈ ഹരജി വേഗം പരിഗണക്കണം എന്നാവശ്യപ്പെട്ട് മറ്റൊരു ഹരജി കൂടി നല്‍കി കാത്തിരിക്കുകയാണ് സിദ്ദീഖ് കാപ്പന്റെ അഭിഭാഷകന്‍.