ആധാരത്തിന്റെ പകര്‍പ്പിന് 10,000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരന് പിടിയില്‍
കോഴിക്കോട്: കൈക്കൂലിക്കേസില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് ജീവനക്കാരന് പിടിയിലായി. കോഴിക്കോട് സബ് രജിസ്ട്രാര്‍ ഓഫിസ് അറ്റന്‍ഡന്റ് ഷറഫുദ്ദീനാണ് വിജിലന്‍സിന്റെ പിടിയിലായത്. ആധാരത്തിന്റെ പകര്‍പ്പെടുക്കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലാവുകയായിരുന്നു. ആധാരത്തിലെ പകര്‍പ്പിനായി കോഴിക്കോട് മാനാഞ്ചിറ സബ് രജിസ്ട്രാര്‍ ഓഫിസില്‍ കണ്ണൂര്‍ സ്വദേശി ഹാരിസ് ഒരു അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍, പകര്‍പ്പ് അടുത്ത ചൊവ്വാഴ്ച നല്‍കാമെന്നും വേഗത്തില്‍ തിരഞ്ഞെടുത്ത് കൊടുക്കുന്നതിന് 10,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു. കൈക്കൂലി ആവശ്യപ്പെട്ട വിവരം ഹാരിസ് വിജിലന്‍സ് എസ്പിയെ അറിയിച്ചു. തുടര്‍ന്ന് പരാതി നല്കിയ വ്യക്തിയുടെ കൈയില്‍ വിജിലന്‍സ് തന്നെയാണ് പണമേല്‍പ്പിച്ചത്. പണം കൈമാറിയ ഉടന്‍തന്നെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഓഫിസിലെത്തി ഇയാളെ പിടികൂടുകയായിരുന്നു. വിജിലന്‍സ് എസ്പി സജീവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.