മുങ്ങിക്കപ്പല്‍ ആധുനികവല്‍ക്കരണ പദ്ധതി; വിവരങ്ങള്‍ ചോര്‍ത്തിയ 2 നാവികസേന കമാന്‍ഡര്‍മാരടക്കം ആറ് പേര്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

Update: 2021-11-02 14:22 GMT

ന്യൂഡല്‍ഹി: നാവികസേനയുടെ മുങ്ങിക്കപ്പല്‍ ആധുനികവല്‍ക്കരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അജ്ഞാതനായ ഒരാള്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന ആരോപണത്തില്‍ സിബിഐ രണ്ട് നാവികസേന ഉദ്യോഗസ്ഥരടക്കം ആറ് പേര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. അതില്‍ രണ്ട് പേര്‍ നാവികസേനയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരാണ്.

ഐപിസിയുടെ വിവിധ വകുപ്പുകളും അഴിമതി വിരുദ്ധ നിയമവും അനുസരിച്ചാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

ഇന്ത്യയുടെ കിലൊ ക്ലാസ് അന്തര്‍വാഹനിയുടെ രഹസ്യവിവരങ്ങള്‍ പ്രതികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ചോര്‍ത്തി നല്‍കിയെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

സപ്തംബര്‍ 3ന് രന്‍ദീപ് സിങ്, എസ് ജെ സിങ് തുടങ്ങി നാവികസേനയിലെ രണ്ട് ഓഫിസര്‍മാരെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തുവരുന്നത്. തുടര്‍ന്ന് രന്‍ദീപ് സിങ്ങിന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കോടി രൂപ കണ്ടെത്തി.

പടിഞ്ഞാറന്‍ നേവല്‍ കമാന്‍ഡിന്റെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിയമിക്കപ്പെട്ട അജിത് കുമാര്‍ പാണ്ഡെയെ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ അറസ്റ്റ് ചെയ്തിരുന്നു. പാണ്ഡെയുടെ കമാന്‍ഡിനു കീഴില്‍ സേവനമനുഷ്ടിക്കുന്ന മറ്റൊരാളെക്കൂടി അറസ്റ്റ് ചെയ്തിരുന്നു.

നാവികസേനയിലെ ചില ഓഫിസര്‍മാര്‍ അന്തര്‍വാഹിനിയുടെ വിവരങ്ങള്‍ വിദേശ കമ്പനികള്‍ക്കുവേണ്ടി ചോര്‍ത്തിനല്‍കിയെന്നാണ് ആരോപണം.

എസ് ജെ സിങ് ഈ വര്‍ഷമാണ് സേനയില്‍ നിന്ന് വിരമിച്ചത്. ഇന്ത്യന്‍ നാവിക മേഖലയില്‍ വ്യാപാര താല്‍പര്യമുള്ള ഒരു കൊറിയന്‍ കമ്പനിയിലാണ് അദ്ദേഹം ഇപ്പോള്‍ ജോലി ചെയ്യുന്നത്. റിയല്‍ അഡ്മിറല്‍ അടക്കം പന്ത്രണ്ടോളം പേരെ സിബിഐ ഈ കേസില്‍ ചോദ്യം ചെയ്തിട്ടുണ്ട്.

സാധാരണ നിലയില്‍ ജാമ്യം ലഭിക്കാതിരിക്കാനായാണ് സിബിഐ തിരക്കിട്ട് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടായതിനാല്‍ എഫ്‌ഐആര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സപ്തംബര്‍ 2നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിബിഐയിലെ ഉയര്‍ന്ന ഘടകമാണ് അന്വേഷണം നടത്തുന്നത്.

Tags:    

Similar News