സുദാന്‍: സമാധാന കരാര്‍ നാളെ ഒപ്പിടും
കഴിഞ്ഞ 30 വര്‍ഷമായി സുദാനില്‍ അധികാരത്തിലിരുന്ന അല്‍ബഷീറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ലക്ഷക്കണക്കിനു പേരാണ് കൊല്ലപ്പെട്ടത്.
ഖാര്‍തൂം: ലക്ഷക്കണക്കിന് ആളുകള്‍ മരിച്ച പതിറ്റാണ്ടുകളുടെ അഭ്യന്തര യുദ്ധം അവസാനിപ്പിക്കുന്നതിന് സുദാന്‍ സര്‍ക്കാരും വിമതരും സമാധാന കരാര്‍ ഒപ്പിടാന്‍ ഒരുങ്ങുന്നു. സുദാനിലെ ദീര്‍ഘകാല ഭരണാധികാരി ഉമര്‍ അല്‍ ബഷീറിനെ കഴിഞ്ഞ വര്‍ഷം നീക്കം ചെയ്തതിനു ശേഷം അധികാരത്തിലേറിയ പരിവര്‍ത്തന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കൊടുവിലാണ് സമാധാന കരാര്‍ യാഥാര്‍ഥ്യമാകുന്നത്. അയല്‍രാജ്യമായ ദക്ഷിണ സുഡാന്റെ തലസ്ഥാനമായ ജൂബയില്‍ ശനിയാഴ്ച ഇരുരാജ്യങ്ങളും കരാര്‍ ഒപ്പിടും.
'ഇതൊരു ചരിത്ര ദിനമാണ്. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ പോരാട്ടം എന്നെന്നേക്കുമായി അവസാനിപ്പിക്കുകയും വികസനത്തിന് വഴിയൊരുക്കുകയും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, 'സുദാന്‍ സമാധാന കമ്മീഷന്‍ ചെയര്‍മാന്‍ സുലൈമാന്‍ അല്‍ഡാബിലോ എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഡാര്‍ഫര്‍, ബ്ലൂ നൈല്‍, സതേണ്‍ കോര്‍ഡോഫാന്‍ മേഖലകളില്‍ നിന്നുള്ള വിമത ഗ്രൂപ്പുകളുടെ സഖ്യമായ സുഡാന്‍ റെവല്യൂഷണറി ഫ്രണ്ട് (എസ്ആര്‍എഫ്) ശാശ്വത കരാരിലൂടെ ശാശ്വത സമാധാനം സാധിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
കഴിഞ്ഞ 30 വര്‍ഷമായി സുദാനില്‍ അധികാരത്തിലിരുന്ന അല്‍ബഷീറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ ലക്ഷക്കണക്കിനു പേരാണ് കൊല്ലപ്പെട്ടത്. 2003 മുതല്‍ ഡാര്‍ഫറില്‍ മാത്രം വിവിധ ഏറ്റമുട്ടലുകളിലായി 300,000 പേര്‍ മരിക്കുകയും 25 ദശലക്ഷം പേര്‍ നാടുവിടുകയും ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ പറയുന്നത്. സമാധാന കരാറിനു ശേഷം എസ്ആര്‍എഫ് പോരാളികളെ സര്‍ക്കാര്‍ സേനയുടെ ഭാഗമാക്കാനും തീരുമാനമുണ്ട്.