'കണ്ണൂരില്‍ നിന്നല്ലേ സുധാകരന് വരുന്നത്,സിപിഎം എന്ത് ചെയ്യുമെന്ന് അദ്ദേഹത്തിനറിയാം';സി വി വര്‍ഗീസിന് പിന്നാലെ കെ സുധാകരനെ കടന്നാക്രമിച്ച് എംഎം മണി
ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ല
തിരുവനന്തപുരം: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസന്റെ വധഭീഷണി പ്രസംഗത്തിന് പിന്നാലെ കെ സുധാകരനെ കടന്നാക്രമിച്ച് മുന്‍ മന്ത്രി എം എം മണിയും. ധീരജ് വധക്കേസിലെ പ്രതികളെ ദൈവം വിചാരിച്ചാലും രക്ഷിക്കാന്‍ കഴിയില്ല.കേസ് നിയമപരമായി കൈകാര്യം ചെയ്യും. പ്രതികള്‍ ജയിലില്‍ കിടക്കും. അതിന് കഴിഞ്ഞില്ലെങ്കില്‍ തങ്ങള്‍ എന്ത് ചെയ്യുമെന്ന് കെ സുധാകരന് അറിയാം. കണ്ണൂരില്‍ നിന്നല്ലേ സുധാകരന് വരുന്നതെന്നും മണി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ ഭരണപരാജയത്തിനെതിരെ ചെറുതോണിയില്‍ പൊതുയോഗത്തിന് മറുപടിയായി സിപിഎം നടത്തിയ പരിപാടിയിലാണ് സുധാകരനെതിരെ വിവാദ പരാമര്‍ശം ഉയര്‍ന്നത.്‌കെ സുധാകരന്റെ ജീവിതം സിപിഎം നല്‍കുന്ന ഭിക്ഷയാണെന്നാണ് ചെറുതോണിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ഗീസ് പറഞ്ഞത് ഒരു നികൃഷ്ടജീവിയെ കൊല്ലാന്‍ താല്‍പര്യമില്ലായെന്നും ജില്ല സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ഇതിനിടേ തന്റെ പ്രസംഗത്തെ ന്യായീകരിച്ച് സി വി വര്‍ഗീസ് രംഗത്തെത്തി. പറഞ്ഞതില്‍ താന്‍ ഉറച്ചു നില്‍ക്കുന്നുവെന്നും,സുധാകരന്‍ പറഞ്ഞതിന് മറുപടിയായാണ് താന്‍ പ്രസംഗിച്ചതെന്നും വര്‍ഗീസ് വ്യക്തമാക്കി.അങ്ങേയറ്റം പ്രകോപനമുണ്ടാക്കാനാണ് കോണ്‍ഗ്രസ് യോഗം നടത്തിയത്. തങ്ങള്‍ അതിന് ആത്മസംയമനം പാലിക്കുകയായിരുന്നു.
ധീരജിന്റെ കൊലപാതകത്തിന്റെ 52ാമത്തെ ദിവസമാണ്, ധീരജിന്റെ കൊലപാകതവുമായി ബന്ധപ്പെട്ട് ജയിലില്‍ കിടക്കുന്നവര്‍ നിരപരാധികളാണെന്നാണ് പറഞ്ഞത്. ഒരു ഘട്ടത്തില്‍ അവര്‍ ഇരന്നുവാങ്ങിയതാണെന്നും അഭിപ്രായപ്പെട്ടിരുന്നു.അവരെ കൊണ്ടുവന്ന് മാര്‍ക്‌സിസ്റ്റുകാരുടെ നെഞ്ചത്തുകൂടെ നടത്തുമെന്നും സുധാകരന്‍ പ്രസംഗിച്ചു. അത്തരമൊരു പരാമര്‍ശം നടത്തേണ്ടതുണ്ടായിരുന്നോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടത്. പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും സി വി വര്‍ഗീസ് പറഞ്ഞു. ഏറ്റവും മാന്യമായിട്ടാണ് പറഞ്ഞത്. സഭ്യമല്ലാത്ത ഒന്നും പറഞ്ഞിട്ടില്ലെന്നും സി വി വര്‍ഗീസ് വ്യക്തമാക്കി.