അന്ധവിശ്വാസ പ്രചാരണം; ഉത്തര്‍പ്രദേശില്‍ പോലിസ് കൊറോണ മാതാ ക്ഷേത്രം പൊളിച്ചു നീക്കി
കൊവിഡില്‍ നിന്നും രക്ഷ തേടി നിരവധി പേരാണ് കൊറോണ മാതാ ദേവിക്കു മുന്നില്‍ പ്രാര്‍ഥനയും വഴിപാടുമായി എത്തിയിരുന്നത്.
പ്രതാപ്ഗഡ് : ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പോലിസ് ക്ഷേത്രം പൊളിച്ചു നീക്കി. പ്രതാപ്ഗഡ് ജില്ലയിലെ ശുക്ലാപൂരില്‍ പുതുതായി നിര്‍മ്മിച്ച 'കൊറോണ മാതാ' ക്ഷേത്രമാണ് പോലിസ് സംഘം തകര്‍ത്തത്. കൊവിഡ് വ്യാപനത്തിനിടയിലെ അന്ധവിശ്വാസ പ്രചാരണത്തിനെതിരെയുള്ള നടപടി എന്ന തരത്തിലാണ് കൊറോണ മാതാ' ക്ഷേത്രം പൊളിച്ചത്. വെള്ളിയാഴ്ച രാത്രിയിലാണ് പോലീസിന്റെ ക്ഷേത്രം തകര്‍ക്കല്‍ നടപടിയുണ്ടായത്. ക്ഷേത്രം സ്ഥാപിച്ച ലോകേഷ് ശ്രീവാസ്തവയെ പോലീസ് അറസ്റ്റ് ചെയ്തു.
കൊവിഡില്‍ നിന്നും രക്ഷ തേടി നിരവധി പേരാണ് കൊറോണ മാതാ ദേവിക്കു മുന്നില്‍ പ്രാര്‍ഥനയും വഴിപാടുമായി എത്തിയിരുന്നത്. പച്ച നിറത്തിലുള്ള മുഖംമൂടി ധരിച്ച 'കൊറോണ മാതാ' വിഗ്രഹമാണ് ഇവിടെയുള്ളത്. ദേവി പ്രസാദിച്ചാല്‍ കൊവിഡ് പിടിപെടാതെ രക്ഷപ്പെടാം എന്നാണ് പ്രചരിപ്പിച്ചിരുന്നത്. ക്ഷേത്രത്തിലെക്കുള്ള വഴിപാടുകള്‍ പണമായിട്ടാണ് സ്വീകരിച്ചിരുന്നത്.