ന്യൂഡല്‍ഹി: 2024 - 25 സാമ്പത്തിക വര്‍ഷം നിബന്ധനകളോടെ കേരളത്തിന് 5000 കോടി കടമെടുക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. എന്നാല്‍ ഈ നിര്‍ദേശം സ്വീകാര്യമല്ലെന്ന് കേരളം വ്യക്തമാക്കിയതോടെ കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. അടുത്ത വ്യാഴാഴ്ചയാണ് വാദം കേള്‍ക്കുന്നത്.
5000 കോടി കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച നിബന്ധനകള്‍
അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസത്തെ കടമെടുപ്പ് പരിധിയില്‍ ഈ തുക കുറയ്ക്കും. അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന് അഡ്ഹോക് കടമെടുപ്പിന് അനുമതി നല്‍കില്ല. വരുമാനം കൂട്ടുന്നതിന് സര്‍ക്കാര്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി എന്താണെന്ന് കേന്ദ്രത്തെ അറിയിക്കണം.
എന്ത് കൊണ്ട് കൂടുതല്‍ കടമെടുക്കാന്‍ അനുവദിക്കില്ല
2024 - 25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് കടമെടുക്കാന്‍ കഴിയുന്നത് 33597 കോടിയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനമെടുത്ത ബജറ്റ് ഇതര കടമെടുപ്പിലെ 4711 കോടി ഇതില്‍ നിന്ന് കുറയ്ക്കണം. അതുകഴിഞ് സംസ്ഥാനത്തിന് കടമെടുക്കാന്‍ കഴിയുക 28,886 കോടി രൂപയാണ്. ഈ തുകയുടെ 75 ശതമാനമായാണ് ആദ്യ ഒമ്പത് മാസങ്ങളിലെടുക്കാന്‍ കഴിയുക. അതായത് 21,664 കോടി. കേരളം ഈ സാമ്പത്തിക വര്‍ഷം എടുക്കാന്‍ അനുവദിക്കണമെന്ന് പറയുന്ന തുക 15000 കോടിയാണ്. ആ തുക അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളില്‍ കുറച്ചാല്‍ ശേഷിക്കുന്നത് 6000 കോടി മാത്രമാണ്. കേരളത്തിന്റെ ചെലവ് കൂടി കണക്കാക്കിയാല്‍ ഈ തുക കൊണ്ട് കേരളത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എന്‍ വെങ്കിട്ടരാമന്‍ സുപ്രിം കോടതിയില്‍ പറഞ്ഞു.
കേരളത്തിന്റെ നിലപാട്
5000 കോടി കൊണ്ട് പ്രശ്നം പരിഹരിക്കാനാകില്ല. ചുരുങ്ങിയത് 10000 കോടി കടമെടുക്കാന്‍ അനുവദിക്കണം. അര്‍ഹതപ്പെട്ട പണമാണ് ആവശ്യപ്പെടുന്നത്. അതിന് നിബന്ധനകള്‍ മുന്നോട്ട് വയ്ക്കാന്‍ പാടില്ല. കടമെടുക്കാന്‍ അനുവദിച്ചില്ലെങ്കില്‍ തങ്ങളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കണം.
കോടതിയുടെ തീരുമാനം
കേന്ദ്രവും കേരളവും വിട്ടു വീഴ്ച ചെയ്യാത്ത സാഹചര്യത്തില്‍ കേസില്‍ വാദം കേള്‍ക്കും. ഇടക്കാല ഉത്തരവ് എന്ന ആവശ്യത്തില്‍ ആണ് വാദം കേള്‍ക്കുക. അടുത്ത വ്യാഴാഴ്ച ഒന്നാമത്തെ കേസായി ഹര്‍ജി പരിഗണിക്കും.
കേന്ദ്രസര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍. വെങ്കിട്ടരാമനാണ് ഹാജരായത്. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍, അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, സ്റ്റാന്റിംഗ് കോണ്‍സല്‍സി കെ ശശി, സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ വി മനു എന്നിവരാണ് ഹാജരായത്.