മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ കേസിനെ നേരിടും: കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം ഇന്ത്യന്‍ ജനതയുടെ മുന്നില്‍ തുറന്ന പുസ്തകമാണെന്നും മതേതര പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് അഭിമാനത്തോടെ കേസിനെ നേരിടുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുസ്്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ഹരജിയില്‍ കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ് അയച്ച സംഭവം സംബന്ധിച്ച് മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. കേസ് മുസ്‌ലിം ലീഗിനെതിരെയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്.
എന്നാല്‍, അങ്ങിനെയല്ല. പൊതുവായി വന്ന ഒരു കേസാണ്. ഏഴുപതിറ്റാണ്ടിലേറെ കാലം അന്തസ്സോടെ രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിന്റെ അഭിമാനത്തോടെ തന്നെ ഈ വെല്ലുവിളിയെ നേരിടും. പാര്‍ട്ടി ഈ വിഷയം ഭീഷണിയായി കാണുന്നില്ല. മുഴുവന്‍ വിവരങ്ങളും ശേഖരിച്ച ശേഷം ഭരണഘടനാപരമായും നിയമപരമായും നേരിടും. രാജ്യത്ത് സൗഹൃദവും മതേതരത്വവും നിലനിര്‍ത്താന്‍ വേണ്ടി പ്രയത്‌നിച്ച പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ഇത് ഇന്ത്യന്‍ ജനത അനുഭവിച്ച യാഥാര്‍ഥ്യമാണ്. മതസൗഹാര്‍ദത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. ലീഗിന്റെ മതേതര നിലപാടുകള്‍ തെളിയിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.