തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കേന്ദ്രസര്‍ക്കാര്‍ നിയമിക്കുന്നതിനെതിരായ ഹരജി സുപ്രിംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം സംബന്ധിച്ച ആക്ഷേപങ്ങളില്‍ സുപ്രിംകോടതിയുടെ നിര്‍ണായക ഇടപെടല്‍. കമ്മീഷണര്‍മാരെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് നിയമനം നടത്തുന്നത് ചോദ്യം ചെയ്തുള്ള ഹരജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡില്‍ നിന്ന് നിര്‍ദേശം ലഭിച്ചതായും വെള്ളിയാഴ്ച ഹരജി പരിഗണിക്കാമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് അറിയിച്ചത്.തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കേന്ദ്ര സര്‍ക്കാരിന് നേരിട്ട് നിയമനം നടത്താനുള്ള നിയമം കഴിഞ്ഞ ശീതകാല പാര്‍ലമെന്റ് സമ്മേളനത്തിലാണ് സര്‍ക്കാര്‍ പാസാക്കിയത്.
പ്രധാനമന്ത്രിയും അദ്ദേഹം നിര്‍ദേശിക്കുന്ന മന്ത്രിയും ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കില്‍ പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയുടെ നേതാവ് എന്നിവരടങ്ങുന്ന മൂന്നംഗസമിതിയെ കമ്മിഷണര്‍മാരെ നിയമിക്കാന്‍ അധികാരപ്പെടുത്തുന്നതാണ് നിയമം. ഇതിന്റെ ചുവുടുപിടിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജിയോടെ വന്ന തിരഞ്ഞെടുപ്പുകമ്മിഷനിലെ രണ്ടൊഴിവിലേക്കും കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നിയമനം നടത്താനിരിക്കെയാണ് ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നത്.
അതേസമയം, പുതിയ കമ്മീഷണര്‍മാരെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ യോഗം വ്യാഴാഴ്ച ചേരാനിരിക്കുകയാണ് എന്നതും ശ്രദ്ധേയമാണ്.പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് അല്ലെങ്കില്‍ പ്രതിപക്ഷത്തെ വലിയ പാര്‍ട്ടിയുടെ നേതാവ്, സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ താത്കാലിക സമിതിയായിരുന്നു സുപ്രിംകോടതി നേരത്തെ നിര്‍ദേശിച്ചിരുന്നത്. പിന്നീട് ചീഫ് ജസ്റ്റിനെ ഒഴിവാക്കി പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു മന്ത്രിയെയും ഉള്‍പ്പെടുത്തി സമിതി പുനര്‍നിര്‍ണയിച്ച് കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടുവരുകയായിരുന്നു.