ഹരിദ്വാറിലെ വിദ്വേഷ പ്രസംഗം: പ്രതികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹരജി സുപ്രിംകോടതി ബുധനാഴ്ച പരിഗണിക്കും
മുന്‍ ജഡ്ജി അഞ്ജന പ്രകാശ്, മാധ്യമ പ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി എന്നിവരാണ് വിഷയത്തില്‍ അടിന്തര പ്രാധാന്യത്തോടെ സുപ്രിംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്.
ന്യൂഡല്‍ഹി: മുസ്‌ലിംകളെ വംശഹത്യ നടത്താന്‍ ആഹ്വാനം ചെയ്ത് ഹരിദ്വാറില്‍ സംഘടിപ്പിച്ച സന്യാസി സമ്മേളനത്തിനെതിരേ സമര്‍പ്പിക്കപ്പെട്ട അടിയന്തര ഹരജികള്‍ സുപ്രിംകോടതി ബുധനാഴ്ച (ജനുവരി 12) പരിഗണിക്കും. സമ്മേളനത്തില്‍ വംശഹത്യാ ആഹ്വാനം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജികള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്.
ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസുമാരായ സൂര്യ കാന്തും ഹിമ കൊഹ്ലിയുമാണ് കേസ് പരിഗണിക്കുന്ന ബെഞ്ചിലുള്ളത്. ഈ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഉടന്‍ പരിഗണിക്കാമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനോട് തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഉറപ്പു നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കോടതി കേസ് നാളെ വാദം കേള്‍ക്കാന്‍ ഷെഡ്യൂല്‍ ചെയ്തത്.
അലഹാബാദ് ഹൈക്കോടതി മുന്‍ ജഡ്ജി അഞ്ജന പ്രകാശ്, മാധ്യമ പ്രവര്‍ത്തകന്‍ ഖുര്‍ബാന്‍ അലി എന്നിവരാണ് വിഷയത്തില്‍ അടിന്തര പ്രാധാന്യത്തോടെ സുപ്രിംകോടതി ഇടപെടല്‍ ആവശ്യപ്പെട്ട് പൊതുതാല്‍പ്പര്യ ഹരജി സമര്‍പ്പിച്ചത്. കൊലപാതകത്തേക്കാള്‍ ക്രൂരമായ കൃത്യമാണ് കുറ്റാരോപിതര്‍ ചെയ്തതെന്നും ഒരു സമുദായത്തിന്റെ തന്നെ ഉന്മൂലനത്തിന് ആഹ്വാനം ചെയ്തവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹരജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു.