ഉത്തരേന്ത്യയിൽ ഉഷ്ണതരം​ഗത്തിനിടെ ലൂപസ് രോ​ഗികളിൽ വർധനവ്

Update: 2024-06-20 09:39 GMT

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം കനക്കുന്നതിനിടെ ലൂപസ് രോഗികളുടെ നിരക്കില്‍ വര്‍ധനവ്. അമിതമായ ചൂട് ലൂപസ് രോഗികളുടെ നിരക്ക് കൂട്ടിയെന്ന് ഡല്‍ഹിയിലെ ഗംഗാ റാം ഹോസ്പിറ്റലിലെ റുമാറ്റോളജി&ക്ലിനിക്കല്‍ ഇമ്മ്യൂണോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ആയ ഡോ.ലളിത് ദുഗാല്‍ പറയുന്നു. വിട്ടുമാറാത്ത പനിയോടെയാണ് രോഗികള്‍ വരുന്നതെന്നും മറ്റു വാതരോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചര്‍മം, സന്ധികള്‍, ശ്വാസകോശം, വൃക്ക, കരള്‍, മസ്തിഷ്‌കം തുടങ്ങി ഏത് അവയവങ്ങളേയും ബാധിക്കാമെന്നും ഡോ.ലളിത് പറഞ്ഞു. അതിനാല്‍ രോഗലക്ഷണങ്ങളുമായി വരുന്നവരില്‍ ലൂപസ് രോഗസാധ്യതയുണ്ടോയെന്നത് ആരോഗ്യപ്രവര്‍ത്തകര്‍ വിദഗ്ധമായി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അന്തരീക്ഷത്തിലെ പലഘടകങ്ങളും ഇത്തരം രോഗങ്ങളുടെ സാധ്യത കൂട്ടാമെന്നും അദ്ദേഹം പറയുന്നു. സൂര്യപ്രകാശം അമിതമായി ഏല്‍ക്കുന്നത്, പുക, ആര്‍ത്തവശേഷമുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വൈറല്‍ അണുബാധകള്‍ തുടങ്ങിയവയൊക്കെ കാരണമാകാമെന്നും ഡോ. ലളിത് പറയുന്നു.

എന്താണ് ലൂപസ്

സിസ്റ്റമിക് ലൂപസ് എരിതോമറ്റോസിസ് എന്ന ഓട്ടോഇമ്മ്യൂണ്‍ അസുഖത്തിന്റെ ചുരുക്കപ്പേരാണ് SLE അഥവാ 'ലൂപസ്'. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന വ്യതിയാനമാണ് ലൂപസ് രോഗത്തിന് കാരണമാകുന്നത്. രോഗപ്രതിരോധ സംവിധാനം ശരീരത്തിനെതിരെ തിരിഞ്ഞ് ആരോഗ്യമുള്ള കോശങ്ങളെ ആക്രമിക്കുകയാണ് ഇവിടെ ചെയ്യുന്നത്. സാധാരണ, രോഗപ്രതിരോധശക്തി പുറത്തുനിന്നുള്ള ബാക്ടീരിയ, വൈറസ് തുടങ്ങിയവയില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്നു. എന്നാല്‍ ഇതിനുവിപരീതമായി രോഗപ്രതിരോധശക്തി സ്വന്തംകോശങ്ങളെ ആക്രമിക്കുകയും അവയെ നശിപ്പിക്കുകയും ചെയ്യുന്നതാണ് ലൂപസ് രോഗം. ഏതു പ്രായക്കാരേയും രോഗം ബാധിക്കാമെങ്കിലും പതിനഞ്ചുമുതല്‍ നാല്‍പത്തിനാലു വയസ്സുവരെ പ്രായമുള്ള സ്ത്രീകളിലാണ് കൂടുതല്‍ കാണാറുള്ളത്. തൊലി, കണ്ണ്, അസ്ഥി, ഹൃദയം, സന്ധികള്‍, വൃക്ക, ശ്വാസകോശം, കരള്‍ തുടങ്ങിയ ഭാഗങ്ങളേയൊക്കെ ലൂപസ് രോഗം ബാധിക്കാം.

രോഗലക്ഷണങ്ങള്‍

രോഗത്തിന്റെ തുടക്കത്തില്‍ ത്വക്കിലുണ്ടാകുന്ന ചുവന്ന ഫോട്ടോസെന്‍സിറ്റീവ് പാടുകളായോ കവിള്‍ത്താടങ്ങളിലെ ചുവന്ന പുള്ളികളായോ (Butterfly rash) കാണാം.

ത്വക്കിലെ തിണര്‍പ്പ്

അടിക്കടി വായിലുണ്ടാകുന്ന പുണ്ണുകള്‍, സന്ധികളില്‍ ഉണ്ടാകുന്ന വേദന, നീര്‍ക്കെട്ട്

വിട്ടുമാറാത്ത പനി

അതിയായ ക്ഷീണം

തലയോട്ടി കാണും വിധമുള്ള മുടികൊഴിച്ചില്‍

കാലുകളിലെ നീര്

അപസ്മാരം,ഓര്‍മക്കുറവ്

ശ്വാസതടസ്സം

നെഞ്ചുവേദന

തലവേദന

പ്രാരംഭഘട്ടത്തില്‍ തന്നെ രോഗം തിരിച്ചറിഞ്ഞ് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ആന്തരിക അവയവങ്ങളെ സാരമായി ബാധിച്ചേക്കാം. വൃക്കകള്‍, ശ്വാസകോശം, മസ്തിഷ്‌കം, നാഡികള്‍ മുതലായ അവയവങ്ങളെയാണ് ലൂപസ് രോഗം ബാധിക്കുന്നത്.

Tags:    

Similar News