സുശാന്ത് സിങിന്റെ മരണം: സഡക് 2 സിനിമക്ക് ഡിസ്‌ലൈക്കുകളുടെ പ്രളയം
ട്രെയിലറിനും പാട്ടുകള്‍ക്കും ലൈക്ക് ചെയ്യുന്നവരേക്കാള്‍ പത്തിരട്ടിയോളമാണ് ഡിസ്‌ലൈക്ക് ചെയ്യുന്നവരുടെ എണ്ണം.
മുംബൈ: ബോളിവുഡ്താരം സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന്റെ പേരില്‍ വിമര്‍ശനം നേരിടുന്ന മഹേഷ് ഭട്ടിനും ആലിയ ഭട്ടിനുമെതിരെയുള്ള പ്രതിഷേധം പുതിയ സിനിമയായ സഡക് 2വിനെ ബാധിക്കുന്നു. യുട്യൂബില്‍ പുറത്തിറക്കിയ സിനിമയുടെ ട്രെയിലറിന് ഡിസ്‌ലൈക്ക് അടിച്ച് സുശാന്തിനോടുള്ള ഇഷ്ടം പ്രകടിപ്പിക്കുകയാണ് ആരാധകര്‍. ട്രെയിലറിനും പാട്ടുകള്‍ക്കും ലൈക്ക് ചെയ്യുന്നവരേക്കാള്‍ പത്തിരട്ടിയോളമാണ് ഡിസ്‌ലൈക്ക് ചെയ്യുന്നവരുടെ എണ്ണം. ലോകത്ത് ഏറ്റവുമധികം ഡിസ്‌ലൈക്ക് പ്രഹരമേറ്റ വീഡിയോ ആയി സഡക് 2 വിന്റെ ട്രെയിലര്‍ മാറുകയാണ്.
സിനിമയുടെ ഗാനം പുറത്തിറങ്ങിയതിനും ഡിസ്‌ലൈക്കുകളുടെ പ്രഹരമുണ്ട്. അങ്കിത് തിവാരി സംഗീത സംവിധാനം നിര്‍വഹിച്ച തുംസേ ഹീ എന്ന് തുടങ്ങുന്ന ഗാനം ഓഗസ്റ്റ് 15 നാണ് പുറത്തിറങ്ങിയത്. ഇതിനും ഡിസ് ലൈക്കുകള്‍ കൂടി വരികയാണ്. ട്രെയിലറും പാട്ടും മനോഹരമാണെങ്കിലും ഡിസ് ലൈക്ക് ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. മഹേഷ് ഭട്ടിനോടും ആലിയ ഭട്ടിനോടുമുള്ള വിരോധമാണ് അവരുടെ സിനിമക്കെതിരെയുള്ള പ്രതികരണമായി ഉയര്‍ന്നുവരുന്നത്. ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിന്റെ മരണത്തിന് കാരണമെന്ന ആരോപണം നിലനില്‍ക്കുണ്ട്. കങ്കണ റണൗട്ട് അടക്കമുള്ള താരങ്ങള്‍ ആലിയയ്ക്കും കരണ്‍ ജോഹറിനുമെതിരെ രംഗത്തെത്തിയിരുന്നു. ആലിയ ഭട്ട്, ആദിത്യ റോയ് കപൂര്‍, സഞ്ജയ് ദത്ത്, പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മഹേഷ് ഭട്ട് സംവിധാനം ചെയ്ത 1991 ലെ ചിത്രം സഡകിന്റെ രണ്ടാം ഭാഗമാണ് സഡക് 2.