ആദിവാസികള്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ വീഴ്ച്ച; ഇടുക്കി തഹസില്‍ദാറെ സസ്‌പെന്റ് ചെയ്തു

പട്ടയം അനുവദിക്കില്ല എന്ന് പറഞ്ഞുള്ള നിരവധി പരാതികള്‍ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു

Update: 2022-02-28 13:10 GMT

തിരുവനന്തപുരം: ഇടുക്കി താലൂക്ക് പരിധിയില്‍പെട്ട കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്ക് പട്ടയം അനുവദിക്കുന്നതില്‍ വീഴ്ച്ചകള്‍ വരുത്തിയ ഇടുക്കി തഹസില്‍ദാരെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പട്ടയം അനുവദിക്കില്ല എന്ന് പറഞ്ഞുള്ള നിരവധി പരാതികള്‍ റവന്യു മന്ത്രിക്ക് ലഭിച്ചിരുന്നു. പരാതികളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തല അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കുന്നതിന് റവന്യൂ മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടിരുന്നു.

അന്വേഷണ റിപോര്‍ട്ടില്‍ തഹസില്‍ദാരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ച്ചകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. പട്ടയ അപേക്ഷകളില്‍ സ്വജനപക്ഷപാതത്തോടയാണ് ഇടപെട്ടിരുന്നത് എന്ന് ബോധ്യപ്പെട്ടിരുന്നു. ഇഷ്ടക്കാരുടെ ഭൂമിയുടെ സര്‍വ്വേ നമ്പര്‍ മാത്രം ഉള്‍പ്പെടുത്തി അസൈനബിള്‍ ലാന്റ് ലിസ്റ്റ് തയ്യാറാക്കുകയും ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ പട്ടയം അനുവദിക്കുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സീനിയോരിറ്റി മറികടന്ന് ഇഷ്ടക്കാര്‍ക്ക് പട്ടയം അനുവദിക്കുകയും, പട്ടയം അനുവദിച്ച ഭൂമിയില്‍ നിയമാനുസൃതമല്ലാതെ പരിവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും യാതൊരു നടപടിയും തഹസില്‍ദാര്‍ സ്വീകരിച്ചിരുന്നില്ല. ഈ അടിസ്ഥാനാത്തിലാണ് തഹസില്‍ദാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്. മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി (റവന്യൂ) ഡോ. എ ജയതിലക് തഹസില്‍ദാരെ സസ്‌പെന്റ് ചെയ്തു ഉത്തരവിറക്കുകയായിരുന്നു. അഴിമതിയും സ്വജനപക്ഷപാതവും വെച്ചു പൊറുപ്പിക്കില്ലായെന്നും ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും ഭൂമിയില്ലാത്ത പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.


Tags:    

Similar News