മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന പേരില്‍ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചത്; സ്വപ്‌നയുടെ വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷം
നയതന്ത്രബാഗേജ് വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടപെട്ടതില്‍ മുഖ്യമന്ത്രി മറുപടി പറയണം
തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന പേരില്‍ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്ന സ്വപ്‌ന സുരേഷിന്റെ വെളുപ്പെടുത്തലിനെകുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മൂടിവയ്ക്കപ്പെട്ട സത്യങ്ങള്‍ വെളിവായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ, രാജ്യരാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടന്നു. സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന് പങ്കുണ്ടായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് അവിശ്വസനീയമാണ്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ വരെ ഇത്തരത്തില്‍ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകാം. എല്ലാ സാമ്പത്തിക അഴിമതികളുടെയും കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫിസെന്നും സതീശന്‍ പറഞ്ഞു.
ലൈഫ് മിഷനെ യുണിടാക്കുമായി ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. യുണിടാക്കില്‍ നിന്ന് കിട്ടിയ കമ്മീഷന്‍ ഇവരെല്ലാം കൂടി പങ്ക് വെച്ചെടുത്തു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അവസാനിപ്പിച്ചത് പോലും ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. ബിജെപിയും സിപിഎമ്മും തമ്മില്‍ ഉണ്ടാക്കിയ തിരഞ്ഞെടുപ്പ് ധാരണയാണ് അതിന് കാരണമെന്നും സതീശന്‍ ആരോപിച്ചു.
ശിവശങ്കറിനെ സസ്‌പെന്റ് ചെയ്യണം-ചെന്നിത്തല
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ എല്ലാം ശരിയെന്ന് തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെയും ശിവശങ്കറെയും വെള്ള പൂശാന്‍ അന്ന് ശ്രമിച്ചു. സ്വപ്നയുടെ വെളിപ്പെടുത്തല്‍ തങ്ങളുടെ ആരോപണങ്ങളെ ശരിവെച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്തില്‍ ഇടപെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.
ബാഗേജ് വിട്ടു കിട്ടാന്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇടപെട്ടു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണം. പുനരന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അന്നത്തെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ട്. ശിവശങ്കറെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം. അനുവാദം വാങ്ങിയാണോ ശിവശങ്കര്‍ പുസ്തകം എഴുതിയതെന്നും ചെന്നിത്തല ചോദിച്ചു.