തബ്‌ലീഗ് ജമാഅത്ത്: വനിതകള്‍ക്ക് താമസ സൗകര്യം നല്‍കിയതിന്റെ പേരില്‍ ചുമത്തിയ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

2020 മാര്‍ച്ച് 24ന് കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം താമസസ്ഥലമില്ലാതെ പ്രയാസപ്പെട്ട വനിതാ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തര്‍ക്ക് റിസ്‌വാന്‍ വീട് നല്‍കിയിരുന്നു.

Update: 2021-02-23 16:10 GMT

ന്യൂഡല്‍ഹി: തബ്‌ലീഗ് ജമാഅത്തിലെ വനിതാ അംഗങ്ങള്‍ക്ക് താമസ സൗകര്യം നല്‍കിയതിന് ഡല്‍ഹി പോലിസ് ചുമത്തിയ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമ ഹൈക്കോടതിയെ സമീപിച്ചു. വീട്ടുടമയായ റിസ്‌വാന്‍ ഖാന്‍ ആണ് പോലിസിന്റെ വിദ്വേഷ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ കേസ് 'അനാവശ്യമാണ്' എന്നും 'തെളിവുകളില്ല' എന്നും അദ്ദേഹം ഹരജിയില്‍ ആരോപിച്ചു.


2020 മാര്‍ച്ച് 24ന് കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷം താമസസ്ഥലമില്ലാതെ പ്രയാസപ്പെട്ട വനിതാ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തര്‍ക്ക് റിസ്‌വാന്‍ വീട് നല്‍കിയിരുന്നു. ലോക്ഡൗണിന് തൊട്ടുമുമ്പ് നിസാമുദ്ദീന്‍ മര്‍കസില്‍ എത്തിയ വനിതകള്‍ക്കാണ് അദ്ദേഹം താമസിക്കാന്‍ സൗകര്യം നല്‍കിയത്. രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതു പ്രകാരം മതപരമോ സാംസ്‌കാരികമോ സാമൂഹികമോ രാഷ്ട്രീയമോ ആയ എല്ലാ കൂടിച്ചേരലും നിരോധിച്ചു. അതോടെയാണ് നിസാമുദ്ദീനിലെ തബ്‌ലീഗ് കേന്ദ്രം സന്ദര്‍ശിക്കാനെത്തിയവര്‍ക്ക് പുറത്തേക്കു പോകേണ്ടിവന്നത്.


പുരുഷന്‍മാര്‍ പള്ളിയില്‍ അഭയം തേടിയപ്പോള്‍ വനിതകള്‍ക്ക് ഇതിന് സാധിച്ചിരുന്നില്ല. പിന്നീട് മാര്‍ച്ച് 31 ന് നിസാമുദ്ദീനിലെ തബ്‌ലീഗ് പ്രവര്‍ത്തകര്‍ക്കെതിരില്‍ പോലീസ് കേസെടുത്തു. കൊവിഡിന്റെ പശ്ചാത്തലത്തില്‍, എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും റദ്ദാക്കുകയും മറ്റു യാത്രാ സൗകര്യങ്ങളെല്ലാം നിര്‍ത്തിവെക്കുകയും ചെയ്തതോടെ വിദേശ തബ്‌ലീഗ് പ്രവര്‍ത്തകര്‍ ഒറ്റപ്പെട്ടു. അതോടെയാണ് അവരോടൊപ്പമുണ്ടായിരുന്ന ചില സ്ത്രീകള്‍ക്ക് റിസ്‌വാന്‍ ഖാന്‍ അഭയം നല്‍കിയത്. എന്നാല്‍ ഇതിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ കേസെടുക്കുകയാണ് ഡല്‍ഹി പോലിസ് ചെയ്തത്. പിന്നീട്, അന്യായമായി തടവിലടക്കപ്പെട്ട വിദേശ തബ്‌ലീഗ് പ്രവര്‍ത്തകരില്‍ ഒരാളെ പോലും ഇതുവരെ രാജ്യത്തെ ഒരു കോടതിയും ശിക്ഷിച്ചിട്ടില്ല. 2,765 വിദേശ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ക്കെതിരെ 20 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 1,086 പേരെ രാജ്യത്തെ വിവിധ കോടതികള്‍ കുറ്റവികുക്തരാക്കി അവരുടെ നാടുകളിലേക്ക് അയച്ചിട്ടുണ്ട്.




Tags:    

Similar News