തമിഴ്‌നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ:റീ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്,പിതാവിന്റെ ഹരജി തള്ളി
റീ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നുവെങ്കിലും മെഡിക്കല്‍ പാനലില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന ഡോക്ടറെ ഉള്‍പ്പെടുത്തണമെന്ന മാതാപിതാക്കളുടെ ആവശ്യം നിരസിക്കുകയായിരുന്നു
ന്യൂഡല്‍ഹി:തമിഴ്‌നാട്ടിലെ കള്ളാക്കുറിച്ചിയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാനുള്ള ഹരജി സുപ്രിംകോടതി തള്ളി. ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനിയുടെ പിതാവാണ് സുപ്രിംകോടതിയെ സമീപിച്ചത്.കേസില്‍ നാളെ വാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു.
റീ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ മദ്രാസ് ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നുവെങ്കിലും മെഡിക്കല്‍ പാനലില്‍ തങ്ങള്‍ ആവശ്യപ്പെടുന്ന ഡോക്ടറെ ഉള്‍പ്പെടുത്തണമെന്ന മാതാപിതാക്കളുടെ ആവശ്യം നിരസിക്കുകയായിരുന്നു.
അധ്യാപകര്‍ പെണ്‍കുട്ടിയെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ മതിലില്‍ രക്തം പുരണ്ട അടയാളമുണ്ടെന്നും ഇത് ശാരീരിക പോരാട്ടത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും അവര്‍ ആരോപിച്ചു.പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരും പ്രിന്‍സിപ്പലും ഉള്‍പ്പെടെ സ്‌കൂളിലെ നിരവധി ജീവനക്കാരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തുള്ള ശക്തി മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത്.കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ സ്‌കൂളിലെ രണ്ട് അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും എന്നെഴുതിയിട്ടുണ്ട്.കെമിസ്ട്രി, കണക്ക് അധ്യാപകര്‍ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് കുറിപ്പിലുള്ളത്.ഇവരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ടും കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചും അന്ന് മുതല്‍ വിവിധ വിദ്യാര്‍ഥി, യുവജന സംഘടനകള്‍ സമരത്തിലാണ്.