തൃശൂര്‍: പെരിഞ്ഞനം ഗ്രാമപ്പഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ പെരിഞ്ഞനോര്‍ജ്ജം സോളാര്‍ വൈദ്യുത ഗ്രാമപദ്ധതി നടപ്പിലാക്കാന്‍ ഒരുങ്ങുന്നതിന്റെ ആദ്യപടിയായി പഞ്ചായത്ത് സന്ദര്‍ശിച്ച് തമിഴ്‌നാട് സംഘം. പദ്ധതിയുടെ നടത്തിപ്പ് നേരിട്ട് മനസിലാക്കാനാണ് നാല്‍പതോളം വരുന്ന സംഘം പഞ്ചായത്തിലെത്തിയത്.
തമിഴ്‌നാട്ടിലെ തെരഞ്ഞെടുത്ത 25 പഞ്ചായത്തുകളില്‍ ഈ വര്‍ഷം തന്നെ പെരിഞ്ഞനോര്‍ജ്ജം മോഡല്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും പദ്ധതിയെക്കുറിച്ച് പഠനം നടത്താന്‍ എത്തിയത്.
പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഊര്‍ജ്ജ സംരക്ഷണ മേഖലയില്‍ നടപ്പിലാക്കിയ പ്രധാന പദ്ധതിയാണ് പെരിഞ്ഞനോര്‍ജ്ജം പുരപ്പുറ സോളാര്‍ വൈദ്യുത പദ്ധതി. പഞ്ചായത്തിലെ ഭൂരിഭാഗം തെരുവുവിളക്കുകളും പ്രകാശിപ്പിക്കാനാവശ്യമായ വൈദ്യുതി നിലവില്‍ പഞ്ചായത്ത് സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കൂടാതെ എല്‍ഇഡി ഗ്രാമം പദ്ധതിയിലൂടെ തെരുവുവിളക്കുകള്‍ക്കായി ചെലവഴിച്ചിരുന്ന ഭാരിച്ച വൈദ്യുത ചാര്‍ജ്ജ് ഇല്ലാതാക്കുന്നതിനും ഊര്‍ജ്ജരംഗത്ത് സ്വയംപര്യാപ്തമായ ഗ്രാമത്തെ സൃഷ്ടിക്കാനുമാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കിയത്.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹന്‍ദാസ്, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സച്ചിത്ത്, കില ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു സംഘത്തിന്റെ സന്ദര്‍ശനം.