തമിഴ്നാട്ടില്‍ 1438 പേര്‍ക്ക് ഇന്ന് കൊവിഡ്
സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 28,694 ആയും മരണസംഖ്യ 235 ആയും ഉയര്‍ന്നു.
ചെന്നൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ തമിഴ്നാട്ടില്‍ റിപോര്‍ട്ട് ചെയ്തത് 1438 പുതിയ കൊവിഡ് കേസുകളും 12 മരണവും. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 28,694 ആയും മരണസംഖ്യ 235 ആയും ഉയര്‍ന്നു.സംസ്ഥാനത്ത് ഇതുവരെ രേഖപെടുത്തിയ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ഇന്ന് റിപോര്‍ട്ട് ചെയ്ത മുഴുവന്‍ മരണവും സംഭവിച്ചത് ചെന്നൈയിലാണ്. 179 പേരാണ് ചെന്നൈയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 1116 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ രോഗബാധിതരുടെ എണ്ണം 19809 ആയി.
അതേസമയം, സംസ്ഥാനത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. 861 പേരുടെ കൊവിഡ് ഇന്ന് ഭേദമായതായി ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. 12697 പേര്‍ നിലവില്‍ ചികില്‍സയിലാണ്. ചെന്നൈ നഗരത്തിലെ 15 മേഖലകളില്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി കെ. പളനിസ്വാമി അഞ്ച് മന്ത്രിമാരെ ചുമതലപ്പെടുത്തി.