താനൂര്‍: മോഷണം, കവര്‍ച്ച, കഞ്ചാവ് കേസ്, കൊലപാതകം തുടങ്ങി ഇരുപത്തഞ്ചോളം കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ടയാളെ താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ചാപ്പന്റെകത്ത് ഹംസയുടെ മകന്‍ അലി അക്ബറെയാണ്(38) താനൂര്‍ പോലിസ് സാഹസികമായി പിടികൂടിയത്.
മലപ്പുറം ജില്ലാ പോലിസ് മേധാവി സുജിത് ദാസ് ഐപിഎസ്സിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഊട്ടിയിലുള്ള മഞ്ചാകൗറയിലെ അണ്ണാ കോളനിയില്‍ നിന്ന് അലി അക്ബറെ പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്, സബ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് എന്‍, സി. പി ഒ മാരായ സലേഷ്, സബറുദ്ദീന്‍ വിപിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
താനാളൂരിലെ മന്‍സൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ബെസ്റ്റ് വേ മൊബൈല്‍സ് എന്ന സ്ഥാപനത്തിന്റെ ഷട്ടര്‍ പൊളിച്ച് മോഷണം നടത്തിയ കേസില്‍ ഇയാളെ പ്രതിചേര്‍ത്തിരുന്നു. 2011 നവംബര്‍ മാസം താനൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്.
താനൂര്‍ പോലിസ് സെപ്റ്റംബര്‍ മാസം കണ്ണൂരിലുള്ള ചപ്പാരങ്കടവ് പോയിരുന്നങ്കിലും പോലിസ് അന്വേഷിച്ചു വന്നതറിഞ്ഞ പ്രതി മൊബൈല്‍ ഓഫ് ആക്കി മുങ്ങുകയായിരുന്നു. പിന്നീട് മലപ്പുറം സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഊട്ടിയിലുണ്ടെന്ന് കണ്ടെത്തിയത്. ടൂറിസ്റ്റ് വേഷത്തിലാണ് പോലിസ് ഊട്ടിയിലെത്തിയത്.
പ്രതിക്ക് കാസര്‍കോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ്, നീലേശ്വരം, കണ്ണൂര്‍ ജില്ലയില്‍ ആലക്കോട്, വയനാട് ജില്ലയില്‍ മീനങ്ങാടി, മാനന്തവാടി, മലപ്പുറം ജില്ലയില്‍ പൊന്നാനി, മഞ്ചേരി, പെരുമ്പടപ്പ്, ഇടുക്കി ജില്ലയില്‍ നെടുങ്കണ്ടം, പെരിങ്ങാവ് എന്നീ പോലിസ് സ്‌റ്റേഷനുകളില്‍ 25 ഓളം കേസുകള്‍ ഉണ്ട്.