ജിദ്ദ: തര്‍തീല്‍ ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് തുടക്കമായി

Update: 2021-03-22 12:57 GMT

ജിദ്ദ: ഖുര്‍ആന്‍ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിനും മികവുള്ളവരെ കണ്ടെത്തി അംഗീകാരം നല്‍കുന്നതിനും രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന തര്‍തീല്‍ ഖുര്‍ആന്‍ മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ ഏകീകൃത സ്വഭാവത്തോടെ നടക്കുന്ന തര്‍തീലിലേക്ക് പ്രാദേശിക യൂനിറ്റുകളില്‍ നടക്കുന്ന ഓഡിഷന്‍ വഴിയാണ് മത്സരാര്‍ത്ഥികളെ കണ്ടെത്തുന്നത്.

മാര്‍ച്ച് 18 മുതല്‍ മെയ് 7 വരെ യൂനിറ്റ്, സെക്ടര്‍, സെന്‍ട്രല്‍, നാഷണല്‍, ഗള്‍ഫ് കൗണ്‍സില്‍ തലങ്ങളില്‍ ഘട്ടം ഘട്ടമായി നടക്കുന്ന ഖുര്‍ആന്‍ മത്സരങ്ങളില്‍ 33 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ക്കും യുവാക്കള്‍ക്കും പങ്കെടുക്കാം. കിഡ്‌സ്, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തുന്ന വിജയികളാണ് തൊട്ടു മേല്‍ഘടകങ്ങളില്‍ മാറ്റുരക്കുക.

ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, ഖുര്‍ആന്‍ പ്രഭാഷണം, ഖുര്‍ആന്‍ ക്വിസ്, ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ എക്‌സിബിഷന്‍, ഡിജിറ്റല്‍ മാഗസിന്‍ എന്നീ ഇനങ്ങളിലാണ് പ്രധാന മത്സരങ്ങള്‍. ഖുര്‍ആന്‍ വീഡിയോ, ഖുര്‍ആന്‍ സംവാദം, ഖുര്‍ആന്‍ ബൈറ്റ്‌സ് തുടങ്ങി അനുബന്ധ പരിപാടികളും നടക്കും. രജിസ്‌ട്രേഷനും മറ്റു വിശദ വിവരങ്ങള്‍ക്കും സൗദി വെസ്റ്റിലെ ജിദ്ദ, മക്ക, മദീന, യാമ്പു, അല്‍ജൗഫ്, തായിഫ്, അസീര്‍, ജിസാന്‍, തബുക്, തായിഫ് തുടങ്ങി പ്രവിശ്യകളില്‍ ഉള്ളവര്‍ക്ക് 0506799889, 0551297172 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Similar News