ആന്ധ്രയില്‍ ടിഡിപിയുടെ തേരോട്ടം; ജഗന് തിരിച്ചടി

Update: 2024-06-04 06:36 GMT
അമരാവതി: ആന്ധ്രപ്രദേശില്‍ നിയമസഭയിലേക്കും ലോക്സഭയിലേക്കും ചന്ദ്രബാബു നായിഡുവിന്റെ തേരോട്ടം. ബി.ജെ.പി- പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി സഖ്യത്തില്‍ മത്സരിച്ച ടി.ഡി.പി. നിലവില്‍ തനിച്ച് 16 സീറ്റില്‍ ലീഡ് ചെയ്യുകാണ്. 25 ലോക്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 17 സീറ്റിലായിരുന്നു ചന്ദ്രബാബു നായിഡു മത്സരിച്ചത്.

സംസ്ഥാന ഭരണവും ഭൂരിപക്ഷ ലോക്സഭാ സീറ്റുകളും നേടിയില്ലെങ്കില്‍ രാഷ്ട്രീയമായി ജീവിതത്തിന്റെ അവസാനമാവുമെന്ന തിരിച്ചറിവിലാണ് ചന്ദ്രബാബു നായിഡു പോരാട്ടത്തിന് ഇറങ്ങിയത്. സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമില്ലാത്ത ബി.ജെ.പിയെ ഒപ്പം ചേര്‍ത്ത നായിഡു വലിയ വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നു. ബി.ജെ.പിക്ക് ആറു സീറ്റുകളും ജനസേനയ്ക്ക് രണ്ടു സീറ്റുകളും ടി.ഡി.പി. നീക്കിവെച്ചു.

മത്സരിച്ച ആറില്‍ മൂന്ന് സീറ്റിലും ബി.ജെ.പി. പിന്നിലാണ്. തങ്ങള്‍ക്ക് കിട്ടിയ രണ്ട് സീറ്റില്‍ ജനസേന മുന്നേറുന്നു. സംസ്ഥാനം ഭരിക്കുന്ന ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നിലവില്‍ നാലു സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. സഖ്യമില്ലാതെ ഒറ്റയ്ക്കായിരുന്നു ജഗന്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

ബി.ജെ.പിയെ സഖ്യത്തില്‍ എത്തിക്കുന്നതില്‍ വലിയ താത്പര്യമില്ലാതിരുന്ന ചന്ദ്രബാബു നായിഡുവിനെ പവന്‍ കല്യാണാണ് എന്‍.ഡി.എയില്‍ എത്തിച്ചത്. സംസ്ഥാനത്ത് ന്യൂനപക്ഷവോട്ടുകളില്‍ കണ്ണുള്ള നായിഡുവിന്, പ്രധാനമന്ത്രിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ തിരിച്ചടിയാകുമോയെന്ന് ഭയമുണ്ടായിരുന്നു. മുന്നണിയോട് പ്രത്യയശാസ്ത്ര ബാധ്യതകളൊന്നുമില്ല നായിഡു പൂര്‍ണ്ണഫലം പുറത്തുവരുമ്പോള്‍ എടുക്കുന്ന തീരുമാനം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാവും. പ്രതിപക്ഷസഖ്യത്തിന് ഏതെങ്കിലും തരത്തിലുള്ള സാധ്യതയുണ്ടാവുകയാണെങ്കില്‍ നായിഡു എന്തുതീരുമാനിക്കുമെന്നത് നിര്‍ണായകമാവും.


Tags:    

Similar News