
താമരശ്ശേരി: എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കല്‍ അലീനാ ബെന്നിക്ക് നിയമനാംഗീകാരം. ഒരുരൂപയെങ്കിലും വേതനം ലഭിക്കാന്‍ നിയമനാംഗീകാരത്തിനായി കാത്തിരുന്ന് നിരാശയ്‌ക്കൊടുവില്‍ ആത്മഹത്യ ചെയ്തതിനു ശേഷമാണ് നിയമനാംഗീകാരം. മരിച്ച് ഒരുമാസം തികയുംമുന്‍പാണ് നിയമനത്തിന് അംഗീകാരമായത്. നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ അഞ്ചുവര്‍ഷത്തോളമാണ് അലീനാ ബെന്നി(30) എയ്ഡഡ് സ്‌കൂളില്‍ ജോലിചെയ്തത്. ഒടുവില്‍ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു അലീനാ ബെന്നിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
നിയമനാംഗീകാര ഉത്തരവ് മാനേജ്മെന്റായ താമരശ്ശേരി രൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സിക്ക് ലഭിച്ചു. കോടഞ്ചേരി സെയ്ന്റ് ജോസഫ് എല്‍പി സ്‌കൂളിലേക്ക് മാറ്റിനിയമിച്ച 2024 ജൂണ്‍ അഞ്ചുമുതല്‍ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതന, അനുബന്ധ ആനുകൂല്യങ്ങള്‍ മാത്രമാണ് അലീനയുടെ കുടുംബത്തിന് ഇനി ലഭ്യമാവുക.