കാട്ടാനയുടെ ആക്രമണത്തില്‍ അധ്യാപിക കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍
കല്‍പ്പറ്റ: മേപ്പാടിയിലെ റിസോര്‍ട്ടില്‍ കാട്ടാന ആക്രമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. റിയാസ്, സുനീര്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളൊരുക്കാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ഇവയെല്ലാം. അറസ്റ്റ് മുന്‍കൂട്ടി കണ്ട റിസോര്‍ട്ട് ഉടമകള്‍ ജാമ്യം തേടി നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ നടപടികള്‍ പൂര്‍ത്തിയാവും മുന്‍പാണ് പോലിസ് ഇരുവരേയും അറസ്റ്റ് ചെയ്തത്.
റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ റിസോര്‍ട്ടും ഹോം സ്റ്റേയും അടച്ചുപൂട്ടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഇരുപത്താറുകാരിയായ യുവതി കൊല്ലപ്പെട്ടത്. കണ്ണൂര്‍ ചേലേരി സ്വദേശി ഷഹാന സത്താറാണ് മരിച്ചത്.