ഹൈദരാബാദ്: തെലങ്കാന ഓപറേഷന്‍ താമര കേസില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും ബിആര്‍എസ് പാര്‍ട്ടിക്കും വന്‍ തിരിച്ചടി. സര്‍ക്കാര്‍ വാദങ്ങള്‍ എല്ലാം തള്ളി കേസ് സിബിഐക്ക് വിട്ട് തെലങ്കാന ഹൈക്കോടതി ഉത്തരവായി. ഭാരത് രാഷ്ട്ര സമിതിയുടെ(ബിആര്‍എസ്) എംഎല്‍എമാരെ പണം കൊടുത്ത് മറുകണ്ടം ചാടിക്കാന്‍ ബിജെപി ശ്രമിച്ചെന്നാണ് കെസിആര്‍ ആരോപിച്ചത്. ഇതിന്റെ തെളിവുകള്‍ അടക്കം അദ്ദേഹം പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് പ്രതിചേര്‍ത്തവര്‍ക്ക് ചോദ്യം ചെയ്യാനായി നോട്ടീസ് നല്‍കിയപ്പോഴാണ് ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടത്.
കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടു. സംസ്ഥാന സര്‍ക്കാരാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നത്. ടിആര്‍എസ് വിടാന്‍ നാല് എംഎല്‍എമാര്‍ക്ക് 100 കോടി വാഗ്ദാനം ചെയ്‌തെന്നാണ് കേസ്. കുതിരക്കച്ചവടത്തിന് തുഷാര്‍ വെള്ളാപ്പള്ളി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്നായിരുന്നു കണ്ടെത്തല്‍. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് ഹരജികളാണ് ഹൈക്കോടതിയിലെത്തിയത്. ബിജെപിയും ഒരു അഭിഭാഷകനും മൂന്ന് പ്രതികളുമാണ് ഹരജി നല്‍കിയത്. ഇതില്‍ ബിജെപിയുടെ ഹരജി കോടതി തള്ളി. ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് എസ്‌ഐടി അറിയിച്ചു.
കേസ് സിബിഐയ്ക്ക് വിട്ടതോടെ എന്‍ഡിഎ കേരള ഘടകം കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ലുക്കൗട്ട് നോട്ടീസ് അസാധുവാകും. അമൃത ആശുപത്രിയിലെ സീനിയര്‍ ഡോക്ടറായ ജഗ്ഗു സ്വാമിക്കെതിരെയും പോലിസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ടിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസില്‍ ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍, ഇവര്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെതിരെയും നടപടിയുണ്ടാകുമെന്ന് പോലിസ് വ്യക്തമാക്കിയിരുന്നു. ഇതെല്ലാം ഹൈക്കോടതി വിധിയോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.