ദുബയ് ജബല്‍ അലിയില്‍ ക്ഷേത്രം നിര്‍മിക്കുന്നു; ഉദ്ഘാടനം ദസറ ദിനത്തില്‍

അബുദാബിയിലെ അബൂ മുറൈഖയില്‍ ഒരുങ്ങുന്ന ആദ്യ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിറിനു പുറമെയാണ് ജബല്‍ അലിയില്‍ പുതിയ ക്ഷേത്രം ഒരുങ്ങുന്നത്.

Update: 2021-09-17 14:27 GMT

ദുബയ്: ദുബയ് ജബല്‍ അലിയില്‍ പുതിയ ഹിന്ദു ക്ഷേത്രം ഒരുങ്ങുന്നു. അതിവേഗം നിര്‍മാണം പുരോഗമിക്കുന്ന ക്ഷേത്രത്തിന്റെ ഡിസൈന്‍ അറബ് വാസ്തുശില്‍പ മാതൃകയിലാണ്. 2020 ആഗസ്ത് 29ന് തറക്കല്ലിട്ട ക്ഷേത്രത്തിന്റെ പ്രധാന കെട്ടിടങ്ങളുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായതായി ദുബയ് ഹിന്ദു ടെമ്പിള്‍ ട്രസ്റ്റിമാരിലൊരാളായ രാജു ഷ്രോഫ് അറിയിച്ചു. ബര്‍ദുബായിലെ സിന്ധി ഗുരുദര്‍ബാറിന്റെ ഭാഗമായാണ് ജബല്‍ അലിയിലെ ഗുരുനാനാക്ക് ദര്‍ബാര്‍ ഗുരുദ്വാരയോട് ചേര്‍ന്ന് പുതിയ ക്ഷേത്രം നിര്‍മിക്കുന്നത്.


അബുദാബിയിലെ അബൂ മുറൈഖയില്‍ ഒരുങ്ങുന്ന ആദ്യ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിറിനു പുറമെയാണ് ജബല്‍ അലിയില്‍ പുതിയ ക്ഷേത്രം ഒരുങ്ങുന്നത്. പരമ്പരാഗത രീതിയില്‍ കൊത്തുപണികളാല്‍ തീര്‍ത്ത തൂണുകളില്‍ നിര്‍മിക്കുന്ന അബുദാബി ക്ഷേത്രത്തിന്റെ പ്രവൃത്തികളും പുരോഗമിക്കുകയാണ്.


ആധുനികത തുളുമ്പി നില്‍ക്കുന്ന ദുബായില്‍ നിര്‍മിക്കുന്ന ക്ഷേത്രമെന്ന നിലയ്ക്ക് ആധുനിക വാസ്തുശില്‍പ രീതിയിലാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നതെന്ന് രാജു ഷ്രോഫ് പറഞ്ഞു. ആധുനികതയോടൊപ്പം അറേബ്യന്‍ നിര്‍മാണ രീതി കൂടി സമ്മേളിച്ചതാകും പുതിയ ക്ഷേത്രം. അതേസമയം ഹിന്ദു വാസ്തുശില്‍പ നിയമങ്ങള്‍ പാലിച്ചാണ് കെട്ടിടത്തിന്റെ നിര്‍മാണം.




Tags:    

Similar News