സ്വന്തം സുരക്ഷാജീവനക്കാരില്ലാതെ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാനാവില്ല; കാബൂള്‍ വിമാനത്താവളം നടത്തിപ്പില്‍ തുര്‍ക്കി സഹകരിക്കില്ല

Update: 2021-08-28 17:13 GMT

അങ്കാറ: കാബൂള്‍ വിമാനത്താവളം പ്രവര്‍ത്തിപ്പിക്കാന്‍ അഫ്ഗാനിസ്താന് തുര്‍ക്കിയുടെ സഹായം ലഭിക്കില്ലെന്ന് തുര്‍ക്കി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. നാറ്റൊ സൈന്യം പിന്‍വാങ്ങിയാല്‍ പകരം തുര്‍ക്കിയുടെ സൈന്യത്തെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം താലിബാന്‍ തള്ളിയതോടെയാണ് കാബൂള്‍ വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കണമെന്ന താലിബാന്റെ ആവശ്യത്തോട് തുര്‍ക്കി നിസ്സഹകരിക്കുന്നത്.

വിമാനത്താവള നടത്തിപ്പിന് ആവശ്യമായ സാങ്കേതിക സഹായം നല്‍കണമെന്ന് താലിബാന്‍ തുര്‍ക്കിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

കാബൂള്‍ വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ തുര്‍ക്കി ഒരുക്കമായിരുന്നെങ്കിലും സുരക്ഷാഭടന്മാരെ വിന്യസിപ്പിക്കുന്നതിലുളള വിയോപ്പാണ് പിന്‍മാറ്റത്തിന് കാരണം.

കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനമാണ് തുര്‍ക്കിയുടെ അടിയന്തര പിന്‍മാറ്റത്തിനു കാരണം. തങ്ങളുടെ ജീവനക്കാര്‍ക്കുളള സുരക്ഷ ഒരുക്കാന്‍ താലിബാന് ആവില്ലെന്നാണ് തുര്‍ക്കിയുടെ നിലപാട്. കാബൂള്‍ വിമാനത്താവളത്തിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പുനര്‍ചിന്ത.

ഇത് വളരെ സുപ്രധാനമായ ജോലിയാണ്. സുരക്ഷയും ഓപറേഷനും കൈകോര്‍ത്ത് പോകണം. നാറ്റൊ പിന്‍മാറ്റത്തിന്റെ ഭാഗമായി തുര്‍ക്കി അടുത്ത ദിവസങ്ങളില്‍ അഫ്ഗാന്‍ വിടും. സാഹചര്യം പരിശോധിച്ചായിരിക്കും തുടര്‍തീരുമാനങ്ങളെടുക്കുകയെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി സുലുസി അകര്‍ പറഞ്ഞിരുന്നു.

തുര്‍ക്കി മിലിറ്ററി ഉദ്യോഗസ്ഥരടക്കം 345 പേരാണ് ആദ്യ വിമാനത്തില്‍ തുര്‍ക്കിയിലേക്ക് പോയത്.

Tags:    

Similar News