കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക തന്നെ വേണം; 10 വര്‍ഷം നീണ്ടാലും സമരം തുടരുമെന്ന് രാകേഷ് ടിക്കായത്ത്
ന്യൂഡല്‍ഹി: വിവാദ കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കാന്‍ പത്ത് വര്‍ഷം എടുക്കുകയാണെങ്കില്‍ അത്രയും കാലം സമരം തുടരുമെന്ന് കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. സ്വാതന്ത്ര്യ സമരം നൂറ് വര്‍ഷമെടുത്തുവെന്നും അത് പോലെയാണ് കര്‍ഷക സമരമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. മുന്‍പ് പറഞ്ഞതുപോലെ നിബന്ധനകളില്ലാതെയായിരിക്കണം ചര്‍ച്ചയെന്നും ടിക്കായത്ത് പറഞ്ഞു.
കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസായി ഒരു വര്‍ഷം തികയുന്നതിന്റെ ഭാഗമായി 40 ലധികം കര്‍ഷക യൂണിയനുകളുടെ സംയുക്ത സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഇന്നത്തെ ഭാരത് ബന്ദിന് കോണ്‍ഗ്രസ്, ബിഎസ്പി, ആം ആദ്മി പാര്‍ട്ടി, സമാജ്‌വാദി പാര്‍ട്ടി, തെലുങ്ക് ദേശം പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍, സ്വരാജ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള പ്രധാന പ്രതിപക്ഷ പാര്‍ട്ടികളുടെയെല്ലാം പിന്തുണയുണ്ട്. പ്രതിഷേധത്തില്‍ നിന്ന് കര്‍ഷകര്‍ പിന്‍മാറണമെന്ന് കേന്ദ്ര കൃഷി മന്ത്രി കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.