ഉസ്മാനെ കോടതിയില്‍ ഹാജരാക്കാന്‍ എടിഎസ് തയ്യാറാകണം
ഈ സമയം വരെയും അറസ്‌റ് സ്ഥിതീകരിക്കാനോ അദ്ദേഹം എവിടെയാണെന്ന് വെളിപ്പെടുത്താനോ അഭിഭാഷകര്‍ക്ക് പോലും വിവരങ്ങള്‍ നല്‍കാനോ എടിഎസ് തയ്യാറായിട്ടില്ല.
കോഴിക്കോട്: പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ മൂന്നാം പ്രതിയായി കുറ്റം ചുമത്തിയ മലപ്പുറം സ്വദേശി ഉസ്മാന്റെ ജീവന്‍ അപകടപ്പെടുത്തിയേക്കാന്‍ സാധ്യതയുള്ളതായി ആശങ്കപ്പെടുന്നുവെന്ന് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സി പി റഷീദ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. അടിയന്തിരമായി അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ എടിഎസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ രാത്രി പത്ത് മണിക്ക് ഉസ്മാന്‍ കസ്റ്റഡിയില്‍ ആയതായാണ് വാര്‍ത്തകള്‍ പറയുന്നത്. എന്നാല്‍ ഈ സമയം വരെയും അറസ്‌റ് സ്ഥിതീകരിക്കാനോ അദ്ദേഹം എവിടെയാണെന്ന് വെളിപ്പെടുത്താനോ അഭിഭാഷകര്‍ക്ക് പോലും വിവരങ്ങള്‍ നല്‍കാനോ എടിഎസ് തയ്യാറായിട്ടില്ല. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ അറസ്റ്റ് ചെയ്ത് 15 മണിക്കൂറിലേറെ ആയിരിക്കുന്നു. അദ്ദേഹത്തിനെ ശാരീരികമായി പീഡിപ്പിക്കാനോ കൊലപ്പെടുത്താനോ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആകില്ല. ജീവനും ആരോഗ്യവും അപകടത്തിലാണെന്ന് ആശങ്കപ്പെടുന്നതായും റഷീദ് പറഞ്ഞു.