ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ മൃതദേഹം വെള്ളിയാഴ്ച ഭോപാലില്‍ സംസ്‌കരിക്കും
ന്യൂഡല്‍ഹി: ഊട്ടിക്ക് സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലിരിക്കെ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന്റെ മൃതദേഹം നാളെ ഭോപാലിലെത്തിക്കും. വ്യോമമാര്‍ഗമാണ് ബെംഗളൂരുവില്‍ നിന്ന് ഭോപാലിലേക്ക് കൊണ്ടുപോകുന്നത്. നാളെ ഉച്ചയ്ക്കു ശേഷം മൂന്നു മണിയോടെ മൃതദേഹം എത്തുമെങ്കിലും വെള്ളിയാഴ്ചയായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍.
സംയുക്ത സൈനിക മേധാവി ജനറല്‍ ബിബിന്‍ റാവത്ത് അടക്കം 13 പേര്‍ മരിച്ച അപകടത്തില്‍ ആകെ അതിജീവിച്ച ആളായിരുന്നു വരുണ്‍ സിങ്. അപകടത്തില്‍ ബിബിന്‍ റാവത്തിനു പുറമെ അദ്ദേഹത്തിന്റെ ഭാര്യയും മുതിര്‍ന്ന സൈനിക മേധാവികളും കാബിന്‍ ക്യൂവും കൊല്ലപ്പെട്ടിരുന്നു.
ബെംഗളൂരുവിലെ കമാന്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് വരുണ്‍ സിങ് മരിച്ചത്. ഏകാനും ആഴ്ച മുമ്പാണ് അദ്ദേഹത്തിന് രാഷ്ട്രപതി ശൗര്യ ചക്ര സമ്മാനിച്ചത്.
ഭോപാലില്‍ നിന്നുളള വരുണ്‍ സിങ് 2003ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്നാണ് ബിരുദം നേടിയത്. 2004ല്‍ ഫൈറ്റര്‍ പൈലറ്റായി വ്യോസേനയില്‍ ചേര്‍ന്നു. തേജസ്, ജാഗ്വാര്‍ വിമാനങ്ങളാണ് ഏറെയും പറത്തിയത്. സേനയിലെ വിദഗ്ധനായ ടെസ്റ്റ് പൈലറ്റാണ്.
ഡിഫന്‍സ് സ്റ്റാഫ് കോളജില്‍ ഇന്‍സ്ട്രക്ടറായി ചേരാനിരിക്കെയാണ് മരണം. അദ്ദേഹത്തിന് ഭാര്യയും ഒരു മകളുമുണ്ട്.