കോഴിക്കോട് അറപ്പുഴയില്‍ കാണാതായ രണ്ടാമത്തെ കുട്ടിയുടേയും മൃതദേഹം കണ്ടെത്തി
അറപ്പുഴ പുനത്തില്‍ ഷാജിയുടെ മകന്‍ ഹരിനന്ദ് (12)ന്റെ മൃതദേഹമാണ് ഇന്നു ഉച്ചയോടെ കണ്ടെത്തിയത്. ഹരിനന്ദ് കൊടല്‍ നടക്കാവ് ഗവ. യുപി സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ഹരിനന്ദ്.
കോഴിക്കോട്: അറപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങി കാണാതായ രണ്ടാമത്തെ കുട്ടിയുടേയും മൃതദേഹം കണ്ടെത്തി. അറപ്പുഴ പുനത്തില്‍ ഷാജിയുടെ മകന്‍ ഹരിനന്ദ് (12)ന്റെ മൃതദേഹമാണ് ഇന്നു ഉച്ചയോടെ കണ്ടെത്തിയത്. ഹരിനന്ദ് കൊടല്‍ നടക്കാവ് ഗവ. യുപി സ്‌കൂളില്‍ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് ഹരിനന്ദ്.
ഹരിനന്ദിനൊപ്പമുണ്ടായിരുന്ന ഒളവണ്ണ പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ ശബരിനാഥിന്റെ(14) മൃതദേഹം രാവിലെയോടെ കണ്ടെത്തിയിരുന്നു. ശബരിനാഥ് കിണാശ്ശേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.ശബരിനാഥിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്ന് 500 മീറ്ററോളം മാറിയാണ് ഹരിനന്ദിന്റെ മൃതദേഹം കണ്ടെത്തിയത്. ഹരിനന്ദിന്റെ പിതൃസഹോദരി പുത്രനാണ് ശബരിനാഥ്. ശബരിനാഥ് അറപ്പുറയിലെ ബന്ധുവീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു.
പോലിസും അഗ്‌നിരക്ഷാ സേനയും ചാലിയത്ത് നിന്നെത്തിയ എസ്ഡിപിഐ സംഘവും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.
ബന്ധുക്കളായ ശബരിനാഥും ഹരിനന്ദും വ്യാഴാഴ്ച വൈകീട്ട് 3.30 ഓടെയാണ് വീട്ടില്‍നിന്നിറങ്ങിയത്. കുടുംബശ്രീയുടെ പണം അടയ്ക്കാനാണ് ഇരുവരെയും വീട്ടുകാര്‍ പറഞ്ഞയച്ചത്. എന്നാല്‍ കുട്ടികള്‍ അറപ്പുഴയില്‍ മീന്‍ പിടിക്കാന്‍ പോവുകയായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടില്‍ തിരിച്ചുവരാതിരുന്നതോടെയാണ് ബന്ധുക്കള്‍ തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ കുട്ടികള്‍ പുഴയില്‍ മീന്‍ പിടിച്ചിരുന്നത് കണ്ടവരുണ്ടായിരുന്നു. തുടര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയും മൃതദേഹം കണ്ടെത്തിയതും.
വിഘ്‌നയാണ് ഹരിനന്ദിന്റെ മാതാവ്. ഐശ്വര്യ സഹോദരിയാണ്. ഷൈജയാണ് ശബരിനാഥിന്റെ മാതാവ്.