തൃശൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ഖബറടക്കി

Update: 2020-05-22 03:49 GMT

തൃശൂര്‍: ചാവക്കാട് കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ഖബറടക്കി. കൊവിഡ് പ്രോട്ടോകള്‍ പാലിച്ച് ഇന്ന് രാവിലെ ആറേകാലോടെയായിരുന്നു ഖബറടക്കം. അഞ്ചങ്ങാടി കട്ടുങ്ങല്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് ഖദീജക്കുട്ടിയാണ് ബുധനാഴ്ച കൊവിഡ് ബാധിച്ച് മരിച്ചത്. 73 വയസ്സായിരുന്നു.

ചാവക്കാട് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കടപ്പുറം അടിത്തിരുത്തി ജുമാമസ്ജിദിലാണ് ആരോഗ്യവകുപ്പിന്റെ പരിശീലനം ലഭിച്ച സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഖബറടക്കം നടത്തിയത്. ഖദീജക്കുട്ടിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ അഞ്ച് പേരെ നിരീക്ഷണത്തിലാക്കി. അവരുടെ സാംപിളുകള്‍ പരിശോധനയ്ക്കയച്ചു. മൃതദേഹത്തെ സമീപിക്കാന്‍ ആരെയും അനുവദിച്ചില്ല.

മഹാരാഷ്ട്രയില്‍നിന്ന് ഇന്നലെയാണ് ഖദീജക്കുട്ടി കേരളത്തിലെത്തിയത്. പാലക്കാട് വഴി കാറിലായിരുന്നു യാത്ര. പ്രമേഹരോഗിയായ ഇവര്‍ക്ക് ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പ് മരിച്ചു. നേരത്തെ തന്നെ പ്രമേഹവും ശ്വാസതടസ്സവും ഉണ്ടായിരുന്ന ഇവര്‍ ഇതിനുള്ള ചികില്‍സയിലായിരുന്നു.

ഖദീജക്കുട്ടിയുടെ മരണത്തോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. 

Tags:    

Similar News