അമിത വില ഈടാക്കിയ മാംസവ്യാപാരിയെ അറസ്റ്റു ചെയ്തു
എല്ലില്ലാത്ത ഇറച്ചിക്ക് 535 രൂപയും എല്ല് സഹിതം 490 രൂപയുമാണ് ഭരണകൂടം നിശ്ചയിച്ചത്.
ഗണ്ടര്‍ബാല്‍: കശ്മീരില്‍ ആട്ടിറച്ചിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വിലയെക്കാളും അധികം ഈടാക്കിയതിന് മാംസവ്യാപാരിയെ അറസ്റ്റു ചെയ്തു. മധ്യകശ്മീരിലെ ഗന്ധര്‍ബാല്‍ ജില്ലയിലെ നാഗബാല്‍ പ്രദേശത്തുള്ള വ്യാപാരിയെ ആണ് കസ്റ്റഡിയിലെടുത്തത്. കട പൂട്ടി സീല്‍ വെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ആട്ടിറച്ചിയുടെ വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എല്ലില്ലാത്ത ഇറച്ചിക്ക് 535 രൂപയും എല്ല് സഹിതം 490 രൂപയുമാണ് ഭരണകൂടം നിശ്ചയിച്ചത്.
ഇതില്‍ നിന്നും വ്യത്യസ്തമായി 600 രൂപ ഈടാക്കിയതിനാണ് വ്യാപാരിയെ അറസ്റ്റു ചെയ്തത്. ഇയാള്‍ അമിത വില ഈടാക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. ഉപഭോക്താക്കളെ കൊള്ളയടിക്കുകയും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുകയും ചെയ്യുന്ന ഇറച്ചി വില്‍പ്പനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.