കശ്മീരിലെ മുസ്‌ലിം പള്ളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് ആഭ്യന്തരമന്ത്രാലയം; സാധാരണ നടപടി മാത്രമെന്ന് വിശദീകരണം

മേഖലയിലെ മുഴുവന്‍ മുസ്‌ലിം പള്ളികളെയും സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അടിയന്തിരമായി സമര്‍പ്പിക്കാനാണ് ശ്രീനഗറിലെ ജില്ലാ പോലിസ് സൂപ്രണ്ട് സോണല്‍ എസ്പിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

Update: 2019-07-29 14:13 GMT

ശ്രീനഗര്‍: സായുധ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനെന്ന പേരില്‍ ശ്രീനഗറിലെയും ജമ്മു ആന്റ് കശ്മീര്‍ മേഖലയിലേയും മുസ്‌ലിം പള്ളികളുടെ വിവരങ്ങള്‍ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മേഖലയിലെ മുഴുവന്‍ മുസ്‌ലിം പള്ളികളെയും സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അടിയന്തിരമായി സമര്‍പ്പിക്കാനാണ് ശ്രീനഗറിലെ ജില്ലാ പോലിസ് സൂപ്രണ്ട് സോണല്‍ എസ്പിമാരോട് ആവശ്യപ്പെട്ടിട്ടുള്ളത്.

തങ്ങളുടെ അധികാര പരിധിയില്‍ വരുന്ന പള്ളികളുടെ പേര്, ലൊക്കേഷന്‍, ഇമാമിനെക്കുറിച്ചും മാനേജ്‌മെന്റിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ തുടങ്ങിയവ ഉന്നതാധികാരികള്‍ക്ക് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൂടാതെ പള്ളി ഏത് വിശ്വാസ ധാരയ്ക്കു കീഴിലാണ് വരുന്നതെന്ന് വിവരങ്ങളും തേടിയിട്ടുണ്ട്.

എന്നാല്‍, ഇത് ഒരു സാധാരണ നടപടിയാണെന്നും പള്ളികളെ കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍ നേരത്തേയും ശേഖരിച്ചിട്ടുണ്ടെന്ന് ശ്രീനഗര്‍ സീനിയര്‍ സൂപ്രണ്ട് ഹസീബ് മുഗള്‍ പറയുന്നു. സീനിയര്‍ സൂപ്രണ്ടിന് സമര്‍പ്പിക്കുന്ന വിവരങ്ങള്‍ അമിത്ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. ശ്രീനഗറിലെ ആര്‍പിഎഫ് സീനിയര്‍ ഡിവിഷണല്‍ കമ്മീഷണര്‍ കഴിഞ്ഞദിവസം എല്ലാ ഉദ്യോഗസ്ഥരും ആവശ്യമായ ഭക്ഷണവും വെള്ളവും കരുതിവയ്ക്കണമെന്നും കുടുംബങ്ങളെ കശ്മീരില്‍ നിന്നും പുറത്തേക്കയയ്ക്കണമെന്നും നിര്‍ദേശിച്ചിരുന്നു. റിപോര്‍ട്ട് പുറത്തായതോടെ അധികൃതര്‍ അത് പിന്‍വലിച്ച് മുഖം രക്ഷിച്ചിരുന്നു.

സുരക്ഷയ്‌ക്കെന്ന പേരില്‍ 10000 അര്‍ധ സൈനികരെ കൂടി കശ്മീരില്‍ വിന്യസിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതേസമയം, നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പങ്കെടുക്കുന്ന കശ്മീരിനെ സംബന്ധിച്ച ബിജെപി രൂപീകരിച്ച കോര്‍ സമിതി യോഗം ചേരുന്നുണ്ട്.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് കശ്മീര്‍ സംബന്ധിച്ച നിര്‍ണായക യോഗം നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 20നാണ് കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. പി.ഡി.പി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

Tags:    

Similar News