മുതിര്‍ന്നയാള്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തിയാല്‍ ഇടപെടാനാവില്ലെന്ന് കല്‍ക്കത്ത ഹൈക്കോടതി
വ്യത്യസ്ത മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കാന്‍ മകളെ അനാവശ്യമായി സ്വാധീനിച്ചു എന്ന് ആരോപിച്ച് പിതാവ് സമര്‍പ്പിച്ച ഹരജി തള്ളികൊണ്ടാണ് കല്‍ക്കത്ത ഹൈക്കോടതി ശ്രദ്ധേയമായ പ്രസ്തവന നടത്തിയത്.
കൊല്‍ക്കത്ത : ലൗ ജിഹാദ് ആരോപണങ്ങളെ തള്ളിക്കളഞ്ഞ് കല്‍ക്കത്ത ഹൈക്കോടതി. ഒരു മുതിര്‍ന്ന വ്യക്തി അവളുടെ ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്താന്‍ തീരുമാനമെടുക്കുന്നതില്‍ ഇടപെടാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജിബ് ബാനര്‍ജി, അരിജിത് ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു. നേരത്തെ അലഹബാദ് ഹൈക്കോടതിയും സമാനമായ വിധി പ്രസ്താവം നടത്തിയിരുന്നു.
വ്യത്യസ്ത മതത്തില്‍പ്പെട്ടയാളെ വിവാഹം കഴിക്കാന്‍ മകളെ അനാവശ്യമായി സ്വാധീനിച്ചു എന്ന് ആരോപിച്ച് പിതാവ് സമര്‍പ്പിച്ച ഹരജി തള്ളികൊണ്ടാണ് കല്‍ക്കത്ത ഹൈക്കോടതി ശ്രദ്ധേയമായ പ്രസ്തവന നടത്തിയത്. 19 കാരിയായ യുവതി അന്യ മതത്തില്‍ പെട്ടയാളെ വിവാഹം ചെയ്ത് ഭര്‍ത്താവിന്റെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിരുന്നു. ഇതോടെ പിതാവ് നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയെ മജിസ്‌ട്രേറ്റിന് മുമ്പില്‍ പോലീസ് ഹാജരാക്കിയപ്പോള്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം ചെയ്തതെന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
എന്നാല്‍, അത്തരത്തില്‍ മൊഴി നല്‍കാന്‍ മകളെ നിര്‍ബന്ധിച്ചിരിക്കാമെന്ന് പിതാവ് ആരോപിച്ചു. വീണ്ടും കോടതിയില്‍ ഹാജരായ യുവതി മതപരിവര്‍ത്തനം നടത്തിയതിനോ, തെറ്റായ പ്രസ്താവനകള്‍ നല്‍കാനോ യാതൊരു സമ്മര്‍ദ്ദവുമില്ലെന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ രണ്ടാമതും മൊഴി നല്‍കി. ഇതോടെ, പെണ്‍കുട്ടിക്ക് സുഖകരമായ അന്തരീക്ഷത്തിലായിരുന്നില്ല മജിസ്‌ട്രേറ്റ് അവരുടെ മൊഴിയെടുത്തത് എന്ന് ചൂണ്ടിക്കാട്ടിയ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 'ഒരു മുതിര്‍ന്നയാല്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ച് മതപരിവര്‍ത്തനം നടത്തി തന്റെ സ്വന്തം വീട്ടിലേക്ക് വരാതിരിക്കാനുള്ള തീരുമാനമെടുത്താല്‍ അതില്‍ ഇടപെടാന്‍ ആവില്ല', എന്നാണ് ജസ്റ്റിസ് സഞ്ജീബ് ബാനര്‍ജി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. പിതാവ് സമര്‍പ്പിച്ച ഹരജി തള്ളുകയും ചെയ്തു.