റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ശിക്ഷാകാലാവധിക്കു ശേഷവും ജയിലില്‍ പാര്‍പ്പിക്കരുതെന്ന് ഹൈക്കോടതി
കഴിഞ്ഞ ഡിസംബറില്‍ മ്യാന്‍മറില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ റോഹിന്‍ഗ്യന്‍ ദമ്പതികളെ നാടുകടത്തുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു
കൊല്‍ക്കത്ത: അനധികൃത കുടിയേറ്റത്തിനു പിടിക്കപ്പെട്ട റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷവും ജയിലില്‍ പാര്‍പ്പിക്കരുതെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ച് ചീഫ് ജസ്റ്റിസ് ടി ബി രാധാകൃഷ്ണന്‍, ജസ്റ്റിസ് അരിജിത് ബന്ദോപാധ്യായ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഒരാളുടെ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ അവരെ ജയിലില്‍ അടയ്ക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ശിക്ഷാ കാലാവധി കഴിഞ്ഞ അഭയാര്‍ഥികളെ സുരക്ഷിത സ്ഥാനത്തേ പാര്‍പ്പിക്കേണ്ടി വരുമെന്നു 2018ല്‍ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ നാല് റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു വേണ്ടി ഹാജയരായ അഭിഭാഷകന്‍ പറഞ്ഞു. ഇവര്‍ക്കെതിരായ നിരീക്ഷണം തുടരാമെങ്കിലും അവരെ അവരെ പാര്‍പ്പിക്കാനുള്ള സ്ഥലം ജയിലല്ലെന്നും കോടതി നിരീക്ഷിച്ചതായി റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളുടെ അഭിഭാഷകന്‍ സുദീപ് ഘോഷ് ചൗധരി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെന്നു ചൂണ്ടിക്കാട്ടി പിടികൂടിയ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘടനയ്ക്കു വേണ്ടിയാണ് ഘോഷ് ചൗധരി ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചിരുന്നത്.
2016 ല്‍ അറസ്റ്റിലായ അഭയാര്‍ഥികള്‍ 2018 വേനല്‍ക്കാലത്തോടെ ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, ശിക്ഷാ കാലാവധി പൂര്‍ത്തിയായി ഏകദേശം രണ്ട് വര്‍ഷം പിന്നിട്ടിട്ടും നാല് അഭയാര്‍ഥികളെ ഇപ്പോഴും ദം ദം കറക്്ഷനല്‍ ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. മറ്റൊരു കേസില്‍ കഴിഞ്ഞ ഡിസംബറില്‍ മ്യാന്‍മറില്‍ തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ റോഹിന്‍ഗ്യന്‍ ദമ്പതികളെ നാടുകടത്തുന്നത് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.