ചര്‍ച്ചക്കൊരുങ്ങി കേന്ദ്രം; പ്രതീക്ഷയോടെ കര്‍ഷകര്‍
കര്‍ഷക പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കൂടിക്കാഴ്ച അല്‍പസമയത്തിനകം

ചണ്ഡീഗഢ്: വിളകള്‍ക്ക് നിയമപരമായ താങ്ങുവില (എംഎസ്പി) ഉറപ്പാക്കുന്നതുള്‍പ്പെടെയുള്ള കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കര്‍ഷക പ്രതിനിധികളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന കൂടിക്കാഴ്ച അല്‍പസമയത്തിനകം നടക്കും. പഞ്ചാബിലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷനിലാണ് യോഗം.
കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ജോഷി കേന്ദ്ര സംഘത്തിന് നേതൃത്വം നല്‍കും. പഞ്ചാബ് കൃഷി മന്ത്രി ഗുര്‍മീത് സിംഗ് ഖുഡ്ഡിയനും യോഗത്തില്‍ പങ്കെടുക്കും. കര്‍ഷക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച (രാഷ്ട്രീയേതര), കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നിവയില്‍ നിന്നുള്ള 28 അംഗ പ്രതിനിധി സംഘം യോഗത്തില്‍ പങ്കെടുക്കും. സര്‍വാന്‍ സിംഗ് പന്ദേര്‍, അഭിമന്യു കോഹാര്‍, കാക്കാ സിംഗ് കൊത്ര, സുഖ്ജിത് സിംഗ്, പി ആര്‍ പാണ്ഡ്യന്‍, അരുണ്‍ സിന്‍ഹ, ലഖ്വീന്ദര്‍ സിംഗ്, ജസ്വീന്ദര്‍ ലോംഗോവല്‍, എം എസ് റായ്, നന്ദകുമാര്‍, ബല്‍വന്ത് സിംഗ് ബെഹ്റാംകെ, ഇന്ദര്‍ജിത് സിംഗ് കോട്ബുധ എന്നിവരാണ് പ്രതിനിധി സംഘത്തിന്റെ ഭാഗമാകുന്ന പ്രമുഖ കര്‍ഷക നേതാക്കള്‍.
അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ച (നോണ്‍-പൊളിറ്റിക്കല്‍) കണ്‍വീനറായ ദല്ലേവാള്‍, വിളകള്‍ക്ക് താങ്ങുവില (എംഎസ്പി) ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 26 മുതല്‍ ദല്ലേവാള്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിവരികയാണ്. വൈദ്യസഹായം സ്വീകരിക്കാന്‍ ദല്ലേവാള്‍ സമ്മതിച്ചെങ്കിലും മരണം വരെയുള്ള നിരാഹാരം അവസാനിപ്പിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു.
വിളകളുടെ എംഎസ്പിക്ക് നിയമപരമായ ഗ്യാരണ്ടി നല്‍കുന്നതിനു പുറമേ, കടം എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധനവ് ഒഴിവാക്കുക, പോലിസ് കേസുകള്‍ പിന്‍വലിക്കുക, 2021 ലെ ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് 'നീതി', 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കുക എന്നിവയാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന മറ്റു ആവശ്യങ്ങള്‍.