തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം ഏപ്രില്‍ നാല് വരെയെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രില്‍ നാലിന് വൈകിട്ട് ഏഴ് മണിക്ക് അവസാനിപ്പിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചു. നക്‌സലൈറ്റ് ബാധിത മേഖലകളില്‍ വൈകിട്ട് ആറ് മണിക്കാണ് പ്രചാരണം അവസാനിപ്പിക്കേണ്ടത്. സംസ്ഥാനത്ത് ഒന്‍പത് മണ്ഡലങ്ങളാണ് നക്‌സലൈറ്റ് ബാധിത പ്രദേശങ്ങളായി കണക്കാക്കുന്നത്.
പരസ്യ പ്രചാരണം അവസാനിച്ച ശേഷം പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, രാഷ്ട്രീയ ആഭിമുഖ്യമുള്ള കലാപരിപാടികള്‍ തുടങ്ങിയവും ടെലിവിഷനിലും അതുപോലുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളും നടത്തരുത്.
ഇതു ലംഘിക്കുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും പിഴയും രണ്ടും കൂടിയോ ലഭിക്കും. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതിന് 48 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം. ഈ കാലയളവില്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നേടണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.