പിഴയടച്ച പണത്തിന്റെ ബാക്കി നല്‍കാതെ സിഐ പോയി: ചോദിച്ചതിന് തെറിവിളിയും ഭീഷണിയും
ആലുവ സ്റ്റേഷനില്‍ എസ് ഐ ആയിരിക്കെ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ മുന്‍പ് സസ്പെന്‍ഷനിലായിരുന്നു.
പരപ്പനങ്ങാടി: മാസ്‌ക് മൂക്കിന് താഴെ ഇറങ്ങിയെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകനില്‍ നിന്നും പിഴ ഈടാക്കിയ പോലിസ് ഇന്‍സ്‌പെക്ടറോട് ബാക്കി തുക ചോദിച്ചതിന് തെറിവിളിയും ഭീഷണിപ്പെടുത്തലും. എസ്ഡിപിഐ ജില്ലാ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ പാമങ്ങാടന്‍ മുസ്ഥഫയില്‍ നിന്നും പിഴ ഈടാക്കിയ പരപ്പനങ്ങാടി സി.ഐ. ഹണി കെ ദാസാണ് ബാക്കി നല്‍കാതെ പോയത്. സിഐക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും മുസ്ഥഫ പരാതി നല്‍കി.
ഇന്നലെ വൈകുന്നേരം 5 മണിയോടെ പരപ്പനങ്ങാടി കരിങ്കല്ലത്താണിയില്‍ പൊതുപരിപാടിക്കെത്തിയ മുസ്ഥഫ ഫോണില്‍ റോഡരികില്‍ സംസാരിച്ച് കൊണ്ടിരിക്കെ ഇതു വഴി വന്ന സി.ഐ.മൂക്കിന് താഴെ മാസ്‌ക് മൂക്കിനു താഴെ ഇറങ്ങിയെന്ന് പറഞ്ഞ് 200 രൂപ ഫൈന്‍ ചുമത്തി. കൈയ്യില്‍ പണമില്ലെന്ന് പറഞ്ഞപ്പോള്‍ പോലീസ് വാഹനത്തില്‍ കയറാന്‍ സി.ഐ.ആവശ്യപെട്ടു. ഇതോടെ തൊട്ടടുത്തുള്ള സുഹൃത്ത് 500 രൂപ മുസ്ഥഫക്ക് കൊടുത്തു. എന്നാല്‍ 200 രൂപ പിഴ ചുമത്തിയ പോലീസ് ബാക്കി നല്‍കാതെ വാഹനം എടുത്ത് പോവാന്‍ ശ്രമിക്കുകയായിരുന്നു. ബാക്കി 300 രൂപ ആവശ്യപെട്ടപ്പോള്‍ പൊതുനിരത്തില്‍ വെച്ച് സി.ഐ. സി.ഐ. ഹണി കെ ദാസ് മുസ്ഥഫയെ തെറിവിളിക്കുകയും ഭീഷണിപെടുത്തുകയും ചെയ്തുവെന്നാണ് പരാതി. ബാക്കി പണവും നല്‍കിയില്ല.
പരപ്പനങ്ങാടി സിഐ സി.ഐ. ഹണി കെ ദാസ് മാസ്‌ക് ധരിച്ചില്ലന്ന് ആരോപിച്ച് പലരേയും ഇത്തരത്തില്‍ ആക്ഷേപിക്കുകയും മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ എടുത്തുകൊണ്ടു പോവുകയും കൈയ്യേറ്റം ചെയ്യുന്നതും പതിവാണന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. പോലീസിനെ ഭയന്ന് പലരും പരാതിപ്പെടുന്നില്ല. തിരൂര്‍ ഡി.വൈ.എസ്.പി, മലപ്പുറം എസ്.പി, ഡി.ജി.പി എന്നിവര്‍ക്കും മുസ്ഥഫ പരാതി നല്‍കിയിട്ടുണ്ട്.
സി ഐ ഹണി കേ ദാസിനെതിരേ മുന്‍പും നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. ആലുവ സ്റ്റേഷനില്‍ എസ് ഐ ആയിരിക്കെ സിപിഎം പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഇയാള്‍ മുന്‍പ് സസ്പെന്‍ഷനിലായിരുന്നു. ആശുപത്രിയില്‍ ബന്ധുവിനെ സന്ദര്‍ശിച്ചു വീട്ടില്‍ പോകാന്‍ ബസ് കാത്തു നിന്ന കൂലിപ്പണിക്കാരനായ യുവാവിനെ പോക്കറ്റടിക്കാരനെന്ന് ആരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലായിരുന്നു അന്ന് ഹണികെ ദാസിനെ സസ്‌പെന്റ് ചെയ്തത്. ആശുപത്രിയില്‍ ചികില്‍സ തേടിയ ഇയാളെ പൊലീസ് അവിടെ നിന്നു വീണ്ടും പിടികൂടി ലോക്കപ്പിലിട്ടു മര്‍ദിക്കുകയായിരുന്നു. പരാതിക്കാരോട് അപമര്യാദയായി പെരുമാറിയതിനും കസ്റ്റിഡി മര്‍ദ്ദനങ്ങളുടെ പേരിലും ഇയാള്‍ക്കെതിരെ ആഭ്യന്തര വകുപ്പിനും പോലീസ് കംപ്ലൈയിന്റ് അതോറിറ്റിക്കും മുന്‍പ് ജോലി ചെയ്ത ഇടങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു.