പോലിസ് തുടര്‍ച്ചയായി മോഷണക്കേസില്‍ കുടുക്കി;നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തു, സിഐയും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍
ഓട്ടോഡ്രൈവറായ അബ്ദുസ്സലാം (45), ഭാര്യ നൂര്‍ജഹാന്‍ (38), മകള്‍ സല്‍മ (14) മകന്‍ ദാധി ഖലന്തര്‍ (10) എന്നിവരാണ് പോലിസുകാരുടെ പീഡനങ്ങളില്‍ മനംമടുത്ത് മനംമടുത്ത് ആത്മഹത്യ ചെയ്തത്.
വിജയവാഡ: തുടര്‍ച്ചയായി മോഷണക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിനെതുടര്‍ന്ന് നാലംഗ കുടുംബം ട്രെയിനിന് മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയും ഹെഡ് കോണ്‍സ്റ്റബിളും അറസ്റ്റില്‍. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ നാലംഗ കുടുംബം കഴിഞ്ഞദിവസം ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. പോലിസുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് കുടുംബം റെക്കോര്‍ഡ് ചെയ്ത വീഡിയോ ആത്മഹത്യയ്ക്കു പിന്നാലെ പുറത്തുവന്നിരുന്നു.
ഓട്ടോഡ്രൈവറായ അബ്ദുസ്സലാം (45), ഭാര്യ നൂര്‍ജഹാന്‍ (38), മകള്‍ സല്‍മ (14) മകന്‍ ദാധി ഖലന്തര്‍ (10) എന്നിവരാണ് പോലിസുകാരുടെ പീഡനങ്ങളില്‍ മനംമടുത്ത് ആത്മഹത്യ ചെയ്തത്.
നേരത്തെ, ഒരു ജ്വല്ലറി ജീവനക്കാരനായിരുന്ന അബ്ദുസ്സലാമിനെ, ജ്വല്ലറിയില്‍നിന്നു മൂന്നു കിലോ സ്വര്‍ണം പോയ സംഭവത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായ സലാം, ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ഓട്ടോ ഓടിച്ചാണ് കുടുംബം നിത്യവൃത്തി കണ്ടെത്തിയിരുന്നത്.
ഒരാഴ്ചയ്ക്ക് മുന്‍പ്, ഓട്ടോയില്‍ യാത്ര ചെയ്ത ഒരാള്‍ 70,000രൂപ കാണാനില്ലെന്ന് പരാതി നല്‍കി. തുടര്‍ന്ന് സലാമിലെ പോലിസ് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. പോലിസ് സ്റ്റേഷനില്‍വെച്ച് സലാമിനെയും കുടുംബത്തേയും പോലിസ് അപമാനിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
അബ്ദുസ്സലാമിന്റെ ആത്മഹത്യ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിഷയത്തില്‍ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് നന്ദ്യാല്‍ സിഐ സോമശേഖര്‍ റെഡ്ഡിയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. ഇതിന് പിന്നാലെ റെഡ്ഡിയേയും ഹെഡ് കോണ്‍സ്റ്റബിള്‍ ഗംഗാധറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.