നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കണം: കലക്ടര്‍ക്കും മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി
മാള: മാള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പരിസരം മുതല്‍ കെ എസ് ആര്‍ ടി സി പരിസരം വരെയുള്ള ഭാഗങ്ങളിലെ മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്‍കി. മാള മേഖല ശുദ്ധജല സംരക്ഷണ സമിതി സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്താണ് പരാതി നല്‍കിയത്.
കോട്ടമുറി, കാവനാട്, വട്ടക്കോട്ട ഗവ. ആശുപത്രി താഴം തുടങ്ങി 400ല്‍ പരം ഏക്കറിലെ മഴവെള്ളമാണ് മാളച്ചാലില്‍ എത്തുന്നത്. ഒഴുകി വരുന്ന വലിയ തോതിലുള്ള മഴവെള്ളം മാള കെ എസ് ആര്‍ ടി സി, മാള ഇന്ദിരാഭവന്‍ എന്നിവയുടെ സമീപത്തുള്ള പാലങ്ങള്‍ക്കടിയിലൂടെ വേണം മാള തോട് വഴി കനോലി കനാലിലേക്ക് പോകേണ്ടത്.
എന്നാല്‍ 2018 ലെ പ്രളയത്തിന് ശേഷം മാള ഇന്ദിരാഭവന് സമീപമുള്ള ചാലില്‍ ചെളിയും മണ്ണും അടിഞ്ഞുകൂടുകയും കുറ്റിച്ചെടിയും വള്ളിച്ചെടിയും വളര്‍ന്ന് ഒഴുക്കിന് തടസ്സമായി തീര്‍ന്നിരിക്കുന്നു. കുടാതെ പാലത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള വെളളം ഒഴുകി പോകേണ്ട തോടും മണ്ണ് മൂടി താഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. ഇതു മൂലം പാലത്തിനടിയിലൂടെ വെള്ളം ഒട്ടും തന്നെ ഒഴുകി പോകുന്നില്ല. കൂടാതെ കെ എസ് ആര്‍ ടി സിക്ക് സമീപമുള്ള പാലത്തിന് താഴെയും മണ്ണും വൃക്ഷ കൊമ്പുകളും കൂടി കിടക്കുന്നു.
ഇതു മൂലം ഒഴുകി വരുന്ന വെള്ളം ഒഴുകി പോകാതെ മാള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചായത്ത് ബസ് സ്റ്റാന്റ് പരിസരം മുതല്‍ കെ.കെ റോഡിലുള്ള കടകളിലേക്കും മാള സബ്ട്രഷറിയിലും കഴിഞ്ഞ വര്‍ഷം വെള്ളം കയറുന്ന സാഹചര്യമുണ്ടായി.
ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന ചെളിയും മണ്ണും ചെടികളും നീക്കം ചെയ്യാത്ത പക്ഷം മാളച്ചാലില്‍ ഒഴുകി വരുന്ന മഴ വെള്ളം അതേ തോതില്‍ ഒഴുകി പുറത്തേക്ക് പോവാത്ത സഹചര്യം ഈ വര്‍ഷവും സംഭവിക്കുമെന്നും സ്‌റ്റേറ്റ് ബാങ്ക് പരിസരം മുതല്‍ മാള സബ്ബ്ട്രഷറി വരെ ഈ വര്‍ഷവും വെള്ളം കയറാന്‍ സാദ്ധ്യതയുണ്ടെന്നും കലക്ടര്‍ക്കും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നല്‍കിയ പരാതിയില്‍ ഷാന്റി ജോസഫ് തട്ടകത്ത് ചൂണ്ടി കാണിക്കുന്നു.