കൊവിഡ് മൂലം അനാഥരായ കുട്ടികളുടെ വീടുകളില്‍ ബാലവകാശ സംരക്ഷണ കമ്മീഷന്‍ സന്ദര്‍ശനം നടത്തി

Update: 2021-07-27 08:18 GMT

കാസര്‍കോഡ്: കൊവിഡ്മൂലം മാതാപിതാക്കള്‍ മരണപ്പെട്ട് അനാഥരായ ജില്ലയിലെ കുട്ടികളുടെ വീടും കമ്മാടി കോളനിയും ബാലാവകാശസംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ. .പിപി ശ്യാമള ദേവി സന്ദര്‍ശിച്ചു. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ സി. എ. ബിന്ദു, ഡി സി പി യു ലീഗല്‍ കം പ്രോബേഷന്‍ ഓഫിസര്‍ ശ്രീജിത്ത്.എ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. ജില്ലയില്‍ കൊവിഡ്മൂലം മാതാപിതാക്കള്‍ രണ്ട് പേരും മരണപ്പടുകയോ, ഒരാള്‍ മറ്റ് കാരണത്താല്‍ നേരത്തെ മരിച്ചു പോവുകയും അല്ലെങ്കില്‍ രക്ഷിതാക്കളിലോരാള്‍ കുടുംബത്തെ ഉപേക്ഷിച്ച് പോവുകയും ചെയ്ത സാഹചര്യത്തിലുള്ളതും രണ്ടാമത്തെയാള്‍ കൊവിഡ്മൂലവും മരണപ്പെട്ട് അനാഥരായ നാല് കുട്ടികളാണ് ജില്ലയിലുള്ളത്.

കാസര്‍കോഡ് നഗരസഭാ പരിധിയില്‍ ഒരു ആണ്‍കുട്ടിയും ഈസ്റ്റ്എളേരി, മടിക്കൈ പഞ്ചായത്ത് പരിധിയില്‍ ഓരോ പെണ്‍കുട്ടികളും ബളാല്‍ പഞ്ചായത്ത് പരിധിയില്‍ ഒരു ആണ്‍ കുട്ടിയുമാണുള്ളത്. ബാലാവകാശകമ്മീഷന്‍ കുട്ടികളുടെ ഭവനം സന്ദര്‍ശിച്ച് കുട്ടികളുടെ സംരക്ഷണവും നിലവിലെ സ്ഥിതിയും മനസ്സിലാക്കി. കുട്ടികളുടെ പുനരധിവാസത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. തുടര്‍ന്ന് ബളാല്‍ പഞ്ചായത്തിലെ കമ്മാടി കോളനിയും കമ്മീഷന്‍ സന്ദര്‍ശിച്ചു. പട്ടികജാതി, പട്ടികവര്‍ഗ മേഖലയിലെ കുട്ടികളുടെ നിലവിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസസാഹചര്യം നേരിട്ടെത്തി വിലയിരുത്തി.

Similar News