മുടിവെട്ടിയതിലെ പിഴവിന് യുവതിക്ക് 2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍
മുടി വെട്ടുമ്പോള്‍ ഉണ്ടാകുന്ന പിഴവുകള്‍ സ്ത്രിയുടെ വ്യക്തിത്വത്തെ ബാധിയ്ക്കും
ന്യൂഡല്‍ഹി: മുടി വെട്ടിയതിലെ പിഴവ് വരുത്തിയ ബ്യൂട്ടി പാര്‍ലര്‍ ഉടമ യുവതിയായ ഉപഭോക്താവിന് 2 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശിയ ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന്‍. പ്രമുഖ കമ്പനികളുടെ മോഡല്‍ കൂടിയായ യുവതിക്ക് പിഴവ് കാരണം സംഭവിച്ച് സാമ്പത്തിക നഷ്ടം കൂടി കണക്കിലെടുത്താണ് വിധി പറഞ്ഞത്.സ്ത്രികള്‍ക്ക് മുടി എറെ പ്രധാനപ്പെട്ടതും ആത്മവിശ്വാസത്തിന്റെ ഭാഗവുമാണെന്ന് കമ്മീഷന്‍ പറഞ്ഞു.
2018ലായിരുന്നു സംഭവം. 2018ല്‍ ഏപ്രില്‍ 12ന് ഡല്‍ഹിയിലെ ഐടിസി മൌര്യാ ഹോട്ടലിലെ സലൂണിലാണ് പരാതിക്കാരി മുടിവെട്ടിയത്. മുടി ഉത്പന്നങ്ങളുടെ മോഡല്‍ ആയിരുന്നു യുവതി. സലൂണില്‍ ഉണ്ടാവാറുള്ള ഹെയര്‍സ്‌റ്റൈലിസ്റ്റിനു പകരം മറ്റൊരു ആളാണ് യുവതിയുടെ മുടി വെട്ടിയത്. വെട്ടിക്കഴിഞ്ഞപ്പോള്‍ വളരെ കുറച്ച് മുടി മാത്രമാണ് അവശേഷിച്ചതെന്ന് പരാതിക്കാരി പറഞ്ഞു. കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടും നാലിഞ്ച് മുടി മാത്രമേ അവര്‍ അവശേഷിപ്പിച്ചുള്ളൂ. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ സലൂണ്‍ സൗജന്യ കേശ ചികിത്സ നല്‍കാമെന്നറിയിച്ചു. ഇത് ചെയ്തപ്പോള്‍ തലയോട്ടിക്ക് പൊള്ളല്‍ ഏല്‍ക്കുകയും ചൊറിച്ചില്‍ ഉണ്ടാവുകയും ചെയ്തു എന്നും പരാതിക്കാരി പറയുന്നു.
ജസ്റ്റിസ് ആര്‍കെ അഗര്‍വാള്‍, ഡോ. എസ് എം കനിത്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. മുടി വെട്ടുമ്പോള്‍ ഉണ്ടാകുന്ന പിഴവുകള്‍ സ്ത്രിയുടെ വ്യക്തിത്വത്തെ ബാധിയ്ക്കും. പരാതിക്കാരി മുടി ഉത്പന്നങ്ങളുടെ മോഡലായിരുന്നു. പാന്റീനും വിഎല്‍സിസിക്കുമായി അവര്‍ മോഡലിംഗ് ചെയ്തിട്ടുണ്ട്. എന്നാല്‍, മുടി വെട്ടിയതിലെ പിഴവ് കാരണം അവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാവുകയും ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ചെയ്തു. അത് അവരുടെ ജീവിത രീതി അപ്പാടെ തകിടം മറിച്ചു. മികച്ച മോഡല്‍ ആവാനുള്ള യുവതിയുടെ സ്വപ്നങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.' കോടതി ഉത്തരവില്‍ പറയുന്നു.