രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം ബംഗ്ലാദേശിനേക്കാള്‍ 11 ഇരട്ടി അധികം; ഐഎംഎഫിനെതിരേ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ച അപകടകരമായ രീതിയില്‍ താഴോട്ടുപോയെന്ന അന്താരാഷ്ട്ര നാണയനിധിയുടെ(ഐഎംഎഫ്) വിലയിരുത്തലിനെതിരേ കേന്ദ്ര സര്‍ക്കാര്‍. ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ആഭ്യന്തര ഉത്പാദനത്തിലും വളര്‍ച്ചാനിരക്കിലും വലിയ തോതില്‍ ഇടിവുണ്ടായെന്ന റിപോര്‍ട്ട് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലായ സാഹചര്യത്തിലാണ് തിരുത്തുമായി കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ രംഗത്തുവന്നത്.
ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട കണക്കനുസരിച്ച് 2019ല്‍ ബംഗ്ലാദേശിനേക്കാള്‍ ഇന്ത്യയുടെ ആഭ്യന്തര ഉത്പാദനം 11 ഇരട്ടി അധികമാണ്. 2014-15 ല്‍ പ്രതിശീര്‍ഷ ജിഡിപിയുടെ അളവ് 83,091 രൂപയില്‍ നിന്ന് 2019-20ല്‍ 1,08,620 ആയി വര്‍ധിച്ചു. 2019-20 ല്‍ 30.7 ശതമാനത്തിന്റെ വളര്‍ച്ചയുണ്ട്. അതേസമയം യുപിഎ2 കാലത്ത് ജിഡിപി വര്‍ധന 19.98 ശതമാനമായിരുന്നു. വാങ്ങല്‍ശേഷിയുമായി ബന്ധപ്പെട്ട് ജിഡിപിയുടെ വര്‍ധന ബംഗ്ലാദേശിനെ അപേക്ഷിച്ച് 2019 ല്‍ 11 ഇരട്ടിയാണ്. ഈ അളവ് 2020 ല്‍ ഐഎംഎഫ് കണക്കനുസരിച്ചുതന്നെ 6,284 യുഎസ് ഡോളറാണെന്നും ബംഗ്ലാദേശിന് ഇത് 5,139 ഡോളറാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ജിഡിപി വളര്‍ച്ചാനിരക്കില്‍ രാജ്യം ബംഗ്ലാദേശിനും താഴേക്ക് കൂപ്പുകുത്തിയേക്കുമെന്ന അന്താരാഷ്ട്ര നാണയനിധിയുടെ പ്രവചനത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിന് നേരെ പരിഹാസവുമായി രാഹുല്‍ഗാന്ധിയും രംഗത്തുവന്നിരുന്നു. ബിജെപിയുടെ വെറുപ്പിലൂന്നിയ സാംസ്‌കാരിക ദേശീയതയുടെ ആറ് വര്‍ഷത്തെ നേട്ടമാണിതെന്നായിരുന്നു രാഹുലിന്റെ പരിഹാസം. പ്രതിപക്ഷത്തെ മറ്റ് പ്രമുഖരും സര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തുവന്നു.
കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൗണിന്റെ ഫലമായി പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം കൂപ്പുകുത്തുമെന്നാണ് നാണയനിധിയുടെ വിലയിരുത്തല്‍. ചൊവ്വാഴ്ച്ച പുറത്തിറങ്ങിയ വേള്‍ഡ് എക്കണോമിക് ഔട്ട്ലുക്കിലാണ് രാജ്യത്തിന്റെ സാമ്പത്തികരംഗത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന പ്രവചനമുള്ളത്.
നടപ്പ് സാമ്പത്തികവര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 ഓടെ ഇന്ത്യയുടെ പ്രതിശീര്‍ഷ ഉത്പാദനം 1877 ഡോളറായി കുറയുമെന്നാണ് നാണയനിധിയുടെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചില സൂചനകളും നാണയനിധിയുടെ റിപോര്‍ട്ടിലുണ്ട്. 2021ല്‍ ഇന്ത്യ ജിഡിപി വളര്‍ച്ചാനിരക്കിന്റെ ഗതിവേഗം വീണ്ടെടുക്കുമെന്നും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയാകുന്ന തരത്തില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നും നാണയനിധി പ്രവചിക്കുന്നുണ്ട്.