ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക് ലോകോത്തരമോ? ബിജെപിയുടെ അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് ഐഎംഎഫ് കണക്കുകള്‍

Update: 2020-08-30 20:13 GMT

ന്യൂഡല്‍ഹി: 2020 ആഗസ്റ്റ് 22ന് ഇന്ത്യയടക്കം ലോകത്തെ പ്രധാനപ്പെട്ട 10 രാജ്യങ്ങളുടെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ അളവുകള്‍ താരതമ്യം ചെയ്തുകൊണ്ട് ബിജെപി ഒരു ട്വീറ്റ് ചെയ്തു. ചൈന, യുഎസ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍, ജപ്പാന്‍, യുകെ, കാനഡ തുടങ്ങിയ ഒമ്പത് രാജ്യങ്ങളെയാണ് മൊത്തം  ആഭ്യന്തര ഉല്പാദനത്തിന്റെ കണക്കുകള്‍ താരതമ്യം ചെയ്യാന്‍ ഉപയോഗിച്ചത്. ഐഎംഎഫിനെ സോഴ്‌സ് ആയി കാണിക്കുകയും ചെയ്തു.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവന്‍ തകര്‍ന്ന് തരിപ്പണമായിക്കൊണ്ടിരിക്കുമ്പോള്‍ 2020ലും ഇന്ത്യ തിളങ്ങുകയാണെന്ന് ട്വീറ്റ് അവകാശപ്പെട്ടു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ നിന്ന് പുറത്തുവന്ന ട്വീറ്റ് സ്വാഭാവികമായും വലിയ തോതില്‍ ഷെയര്‍ ചെയ്യപ്പെട്ടു. 2500 തവണയാണ് ഇത് റീട്വീറ്റ് ചെയ്യപ്പെട്ടത്.

ബിജെപിയുടെ കണക്കുപ്രകാരം ലോകരാജ്യങ്ങള്‍ മുഴുവന്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഇന്ത്യ പോസിറ്റീവ് വളര്‍ച്ചയുടെ പാതയിലാണ്. ചൈനമാത്രമാണ് അല്പ്പമെങ്കിലും ഇന്ത്യയ്‌ക്കൊപ്പമുള്ളത്. ലോകത്തെ ഏറ്റവും വളര്‍ച്ചാ നിരക്കുള്ള രാജ്യവും ഇന്ത്യതന്നെ. ആഗസ്റ്റിലെ ട്വീറ്റ് പ്രകാരം വളര്‍ച്ചാനിരക്ക് ഇങ്ങനെയാണ്: ഇന്ത്യ 1.9, ചൈന 1.2, യുഎസ് -5.9, ജര്‍മനി -7.0, ഫ്രാന്‍സ് -7.2, ഇറ്റലി -9.1, സ്‌പെയിന്‍ -8.0, ജപ്പാന്‍ -5.2, യുകെ -6.5, കാനഡ -6.2. ഇന്ത്യയുടെ വളര്‍ച്ച പോസിറ്റീവ് 1.9ഉം ചൈനയുടേത് പോസിറ്റീവ് 1.2മാണ്. ബാക്കി രാജ്യങ്ങള്‍ മുഴുവന്‍ നെഗറ്റീവ് വളര്‍ച്ചയുടെ പാതിയിലാണ്.

ഈ വാര്‍ത്ത പല ബിജെപി എംഎല്‍എമാരും റിട്വീറ്റ് ചെയ്തു. മനോജ് റജോറിയ, സുഭാഷ് ഭാംറെ, രാജേഷ് വര്‍മ, പുരുഷോത്തം സബാറിയ, നിത്യാനന്ദ് റായ്, അര്‍ജുന്‍ മുണ്ടെ തുടങ്ങിയവരാണ് അതില്‍ പ്രധാനികള്‍.

ബിജെപി പുറത്തുവിട്ട ഈ കണക്കുകള്‍ എത്രമാത്രം ശരിയാണ്? ലോകംമുഴുവന്‍ തകരുമ്പോള്‍ ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്ന അവകാശവാദങ്ങള്‍ സത്യമായിരിക്കുമോ? ഇന്ത്യയുടെ അവസ്ഥ അനുഭവത്തിലൂടെ മനസ്സിലാക്കിയ നമുക്ക് ഇതത്ര വേഗം ദഹിക്കണമെന്നില്ല. ആള്‍ട്ട് ന്യൂസ് പോലുള്ള ചില മാധ്യമങ്ങള്‍ അതുകൊണ്ടും അവസാനിപ്പിച്ചില്ല. അവര്‍ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം കണ്ടെത്തി.

അവര്‍ പ്രധാനമായും പരിശോധിച്ചത് ഇതാണ്. ഇന്ത്യയുടെ വളര്‍ച്ച ബിജെപി പറയുന്നതനുസരിച്ച് പോസിറ്റീവ് ആയിരിക്കുമെന്ന് പറയുന്നത് ശരിയാണോ? അങ്ങനെയൊരു കണക്ക് ഐഎംഎഫ് പുറത്തുവിട്ടിട്ടുണ്ടോ? ലോകത്തെ ഏറ്റവും വേഗതയില്‍ വളരുന്ന സമ്പദ്ഘടന ഇന്ത്യയുടേതാണെന്ന് ഐഎംഎഫ് വിലയിരുത്തിയിട്ടുണ്ടോ?

വിശദീകരണം നല്‍കും മുമ്പ് ഒരു കാര്യം വ്യക്തമാക്കാന്‍ കഴിയും. ഇല്ല എന്നാണ് രണ്ട് ചോദ്യത്തിന്റെയും പൊതു ഉത്തരം.

കഴിഞ്ഞ ഏപ്രിലിലും ഇതുപോലൊരു അവകാശവാദവുമായി ബിജെപി വന്നിരുന്നു. അന്നത്തെ ട്വീറ്റില്‍ ഐഎംഎഫ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തി 2020, 2021 കാലത്തെ ജിഡിപി വളര്‍ച്ചയാണ് പാര്‍ട്ടി താരതമ്യംചെയ്തത്. എല്ലാ സമ്പദ്ഘടനകളും തകരുമ്പോള്‍ ഇന്ത്യ വളര്‍ച്ചയുടെ പാതയിലാണ്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 2020 ല്‍ പോസിറ്റീവും 2021 ല്‍ 7.4 ശതമാവുമാണ്. ഇതു വച്ചുകൊണ്ട് കൊവിഡ് കാലത്തെ സാമ്പത്തിക മാന്ദ്യത്തെ ഇന്ത്യക്ക് മറികടക്കാനാവുമെന്ന് ട്വീറ്റ് അവകാശപ്പെട്ടു. 


കൂടുതല്‍ വിശകലനം ചെയ്യും മുമ്പ് ആഗസ്റ്റിലും ഏപ്രിലിലും ബിജെപി പുറത്തുവിട്ട കണക്കുകള്‍ പരിശോധിക്കാം. രണ്ടിലും 2020 ആഗസ്റ്റിലെയും 2020 ഏപ്രിലിലെയും വളര്‍ച്ചാ നിരക്ക് സമാനമാണ്, 1.9.

ഐഎംഎഫ് വര്‍ഷത്തില്‍ രണ്ട് തവണയാണ് വേള്‍ഡ് ഔട്ട്‌ലുക്ക് റിപോര്‍ട്ട് പുറത്തുവിടുന്നത്, ഏപ്രിലിലും സെപ്റ്റംബര്‍/ഒക്ടോബറിലും. ബിജെപിയുടെ ഏപ്രില്‍ മാസത്തെ ഡാറ്റ സ്വാഭാവികമായും ഐഎംഎഫ് ഏപ്രിലില്‍ പുറത്തുവിട്ട കണക്കില്‍ നിന്ന് എടുത്തതാണ്. ഐഎംഎഫ് കണക്കനുസരിച്ച് ഏപ്രില്‍ മാസത്തെ ഇന്ത്യയുടെ വളര്‍ച്ച 2020 ല്‍ 1.9ശതമാനവും 2021ല്‍ 7.4ശതമാവുമാണ്.

ഭാവിയില്‍ കൊവിഡ് വ്യാപനം അത്ര രൂക്ഷമാവില്ലെന്ന കണക്കുകൂട്ടലിലാണ് ഐഎംഎഫ് 2020 ഏപ്രിലിലെ കണക്കുകള്‍ തയ്യാറാക്കിയത്. കൊവിഡ് വ്യാപനം കുറയുകയല്ല കൂടുകയാണെന്ന് അധികം താമസിയാതെ വ്യക്തമായി. അത് പരിഗണിച്ചുകൊണ്ട് ജൂണ്‍ മാസത്തില്‍ ഐഎംഎഫ് ഈ കണക്കുകള്‍ അപ്‌ഡേറ്റ് ചെയ്തു. ഏപ്രിലിലെ പ്രവചനത്തേക്കാള്‍ മോശമായിരിക്കും ജൂണിലെ പുതുക്കിയ പ്രവചനമെന്ന കാര്യം അതുകൊണ്ടുതന്നെ വ്യക്തമാണല്ലോ.

പുതുക്കിയ കണക്കനുസരിച്ച് ഇന്ത്യയുടെ വളര്‍ച്ച 2020ല്‍ -4.5ഉം 2021 ല്‍ 6.0മാണ്. ഇതനുസരിച്ച് ലോകത്തെ മറ്റ് രാജ്യങ്ങളെപ്പോലെ ഇന്ത്യയും നെഗറ്റീവ് വളര്‍ച്ചാനിരക്കാണ് കാണിക്കുന്നത്. അതുകൊണ്ട് ഇന്ത്യ തിളങ്ങുകയാണെന്ന ബിജെപിയുടെ അവകാശവാദം വ്യാജമാണ്.

അതുപോലെത്തന്നെയാണ് ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണെന്ന അവകാശവാദവും. ഐഎംഎഫ് കണക്കനുസരിച്ച് ചൈനയാണ് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന. ചൈനയുടെ ഈ വളര്‍ച്ചാ നിരക്ക് 2020 ല്‍ 1 ശതമാനമാണ്. പോസിറ്റീവ് വളര്‍ച്ച കാണിക്കുന്ന ഏക രാജ്യമായ ചൈനയുടെ വളര്‍ച്ചാനിരക്ക് 1 ശതമാമായിരിക്കേ -4.5 ശതമാനം വളര്‍ച്ച കാണിക്കുന്ന ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാണെന്ന അവകാശവാദം തികച്ചും അപഹാസ്യമാണ്.

കൊവിഡ് നീണ്ടുനിന്നാല്‍ ജൂണില്‍ ഐഎംഎഫ് പുറത്തുവിട്ട കണക്കുതന്നെ ഇനിയും പുനപ്പരിശോധിക്കേണ്ടിവരും എന്ന യാഥാര്‍ത്ഥ്യവും ഈ സമയത്ത് മനസ്സിലുണ്ടാവണം.  

Tags:    

Similar News