ബാര്‍ബര്‍ തൊഴിലാളികളും ബ്യൂട്ടീഷ്യന്‍ മേഖലയും നേരിടുന്ന പ്രതിസന്ധി; എസ്ഡിപിഐ തൊഴില്‍ മന്ത്രിക്ക് നിവേദനം നല്‍കി
കോഴിക്കോട്: ബാര്‍ബര്‍ തൊഴിലാളികളും, ബ്യൂട്ടീഷ്യന്‍ മേഖലയും നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് നിവേദനം നല്‍കി. കൊവിഡ് 19 രണ്ടാം തരംഗത്തിന്റെ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ഡൗണും അതിന് മുന്‍പ് കോവിഡ് വ്യാപകമായ പ്രദേശങ്ങളെ കണ്ടയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനാലും സംസ്ഥാനത്തെ ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍ മേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളും, ഉടമകളും വലിയ പ്രതിസന്ധികളാണ് നേരിടുന്നത്.
കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി സര്‍ക്കാര്‍ വിവിധ ഘട്ടങ്ങളിലായി ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ മൂലം ഈ മേഖലകള്‍ വലിയ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന തൊഴില്‍ സംവിധാനമെന്ന നിലയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ച് ബാര്‍ബര്‍, ബ്യൂട്ടീഷ്യന്‍ ഷോപ്പുകള്‍ തുറക്കുന്നതിന് അനുവാദം നല്‍കണം. വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കുകയും വാടക ഉള്‍പ്പെടെയുള്ള മുഴുവന്‍ ബാധ്യതകളും ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ ആശ്വാസ നിധിയില്‍ നിന്നും, ക്ഷേമനിധി ബോര്‍ഡില്‍ കെട്ടിക്കിടക്കുന്ന പണത്തില്‍ നിന്നും മുഴുവന്‍ തൊഴിലാളികള്‍ക്കും 10000 രൂപയുടെ ധനസഹായം അടിയന്തരമായി അനുവദിക്കണം. ഒരു വര്‍ഷത്തേക്ക് ലോണുകള്‍ക്ക് തിരിച്ചടവ് ഒഴിവാക്കി നല്‍കുക, പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് ഉള്‍പ്പെടെ തൊഴിലാളികള്‍ക്കും ഉടമകള്‍ക്കും സബ്സിഡി ഇനത്തില്‍ പലിശ രഹിത വായ്പകള്‍ അനുവദിക്കുക, പ്രതിസന്ധി മറികടക്കുന്നതുവരെ ഷോപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാത്തരം ഫീസുകളും തല്‍ക്കാലം ഒഴിവാക്കുക തുടങ്ങിയവയാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.