അനാച്ഛാദനം ചെയ്ത് തൊട്ടടുത്ത ദിവസം ആസ്‌ത്രേലിയയില്‍ ഗാന്ധിപ്രതിമ തകര്‍ത്തു

Update: 2021-11-16 03:34 GMT

മെല്‍ബോണ്‍: ആസ്‌ത്രേലിയയിലെ മെല്‍ബോണില്‍ ഇന്ത്യാ സര്‍ക്കാര്‍ സംഭാവന ചെയ്ത് സ്ഥാപിച്ച ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്ത് തൊട്ടടുത്ത ദിവസം തകര്‍ത്തു. ശനിയാഴ്ചയാണ് സംഭവം നടന്നത്.

പ്രധാനമന്ത്രി സ്‌കോട്ട് മോറിസണാണ് വെള്ളിയാഴ്ച മെല്‍ബോണിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററില്‍ ഗാന്ധിയുടെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തത്. ചടങ്ങില്‍ ആസ്‌ത്രേലിയയിലെ ഇന്ത്യന്‍ പ്രമുഖരും കോണ്‍സുല്‍ ജനറല്‍ രാജ് കുമാറും പങ്കെടുത്തു.

പ്രതിമ തകര്‍ക്കപ്പെട്ടതില്‍ പ്രധാനമന്ത്രി നടുക്കം പ്രകടിപ്പിച്ചു. സാംസ്‌കാരിക നിര്‍മിതികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ പൊറുക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രതിമയുടെ തല പിഴുതെടുക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. കഴുത്തിന് ചുറ്റും ഗ്രൈന്‍ഡ് ചെയ്ത പാടുകളുണ്ട്. വിക്ടോറിയയില്‍ 3,00,000 ഇന്ത്യക്കാരാണ് ഉള്ളത്. അതുപോലെയുള്ള ഒരു സ്ഥലത്ത് ഇതുപോലെയൊരു അക്രമം പ്രതീക്ഷിച്ചില്ലെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍ പേഴ്‌സന്‍ വാസന്‍ ശ്രീനിവാസന്‍ പറഞ്ഞു.

റോവ്‌വില്ലിയിലെ ആസ്‌ത്രേലിയന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ ഈ രീതിയില്‍ നിര്‍മിക്കപ്പെടുന്ന രാജ്യത്തെ ആദ്യ കേന്ദ്രമാണ്. മൂന്ന് ദശകങ്ങളുടെ ശ്രമഫലമായാണ് ഇതുപോലെ ഒരു സ്ഥാപനം കെട്ടിപ്പടുത്തതെന്ന് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് വിക്ടോറിയ പ്രസിഡന്റ് സൂര്യ പ്രകാശ് സോണി പറഞ്ഞു.

വെള്ളിയാഴ്ച രാത്രിക്കും ശനിയാഴ്ച പകലിനുമിടയിലാണ് പ്രതിമ തകര്‍ത്തിട്ടുള്ളത്. നോക്‌സ് ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷണം ആരംഭിച്ചു.

യുഎസ്സിലെ കാലിഫോര്‍ണിയയില്‍ സെന്‍ട്രല്‍ പാര്‍ക്കിലെ മഹാത്മാഗാന്ധി പ്രതിമയും ഇതേ മട്ടില്‍ തകര്‍ത്തിരുന്നു. 

Tags:    

Similar News