ശ്രീനഗര്‍: കശ്മീരിലെ മിക്ക സമതല പ്രദേശങ്ങളിലും തിങ്കളാഴ്ച സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ച അനുഭവപ്പെട്ടു, ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത രീതിയില്‍ മഞ്ഞുവീഴ്ച്ചയുണ്ടായി. ഇതോടെ താഴ്‌വരയെ ലഡാക്കുമായി ബന്ധിപ്പിക്കുന്ന ശ്രീനഗര്‍-ലേ റോഡ് അടച്ചു. ശ്രീനഗര്‍-ലേ റോഡിലെ ജമ്മു കശ്മീര്‍, സോണ്‍മാര്‍ഗ് -സോജില ഭാഗത്തെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 'ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.
വടക്കന്‍ കശ്മീരിലെ പ്രശസ്തമായ സ്‌കീ റിസോര്‍ട്ടായ ഗുല്‍മാര്‍ഗില്‍ രാത്രിയില്‍ നാല് ഇഞ്ച് പുതിയ മഞ്ഞുവീഴ്ച രേഖപ്പെടുത്തി. തെക്കന്‍ കശ്മീരിലെ പഹല്‍ഗാം ടൂറിസ്റ്റ് റിസോര്‍ട്ടില്‍ 10 സെന്റിമീറ്റര്‍ മഞ്ഞുവീഴ്ച്ച രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. താഴ്വരയിലെ മിക്ക പ്രദേശങ്ങളിലും നേരിയ മഞ്ഞുവീഴ്ച ലഭിച്ചു.
പിര്‍പഞ്ചല്‍ പ്രദേശമായ ഗുല്‍മാര്‍ഗ്, റംബാന്‍-ബനിഹാല്‍, ഷോപിയാന്‍, പൂഞ്ച്-രാജൗരി, സോജില എന്നിവിടങ്ങളില്‍ നവംബര്‍ 24 മുതല്‍ 25 വരെ നല്ല മഞ്ഞുവീഴ്ചയും മഴയും ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അതിനുശേഷം ഗണ്യമായി കുറയുമെന്നും കാലാവസ്ഥ അധികൃതര്‍ പറഞ്ഞു. മഞ്ഞുവീഴ്ച കാരണം ശ്രീനഗര്‍-ലേ റോഡും മുഗള്‍ റോഡും അടച്ചു.