അക്കാദമിക സ്വാതന്ത്ര്യം അടിച്ചമര്‍ത്താന്‍ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

Update: 2021-04-22 07:57 GMT

കാസര്‍കോഡ്: അക്കാദമിക സ്ഥാപനങ്ങളെ സംഘ് പരിവാര്‍ ഇടങ്ങളാക്കാന്‍ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയേറ്റ് അംഗം വസീം ആര്‍.എസ്. ക്ലാസ് റൂമില്‍ സംഘപരിവാറിനെ കുറിച്ച് പ്രോട്ടോ ഫാഷിസ്റ്റ് എന്ന് പരാമര്‍ശിച്ച കാസര്‍കോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി അധ്യാപകന്‍ ഡോ. ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെതിരെ അന്വേഷണം പ്രഖ്യാപിച്ച സര്‍വകലാശാല വൈസ് ചാന്‍സലറുടെയും യു.ജി.സി അധികാരികളുടെയും നടപടിക്കെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നടത്തിയ പ്രതിഷേധ ക്ലാസ് മുറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയവുമായി ബന്ധപ്പെട്ട് എ.ബി.വി.പി പരാതി കൊടുത്തതിനെത്തുടര്‍ന്ന് സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങിയാണ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. ക്ലാസ് മുറികളിലെ അക്കാദമിക അന്തരീക്ഷം ഇല്ലാതാക്കാനും ചരിത്രത്തെയും രാഷ്ട്രീയത്തെയും കുറിച്ച വ്യത്യസ്ത വീക്ഷണങ്ങളെ അടിച്ചമര്‍ത്താനുമുള്ള ഈ നടപടി സംഘപരിവാറിന്റെ അക്കാദമിക ഇടങ്ങളെ തകര്‍ക്കാനുള്ള നിഗൂഢ അജണ്ടയുടെ ഭാഗമാണ്. വിശേഷിച്ചും നരേന്ദ്ര മോദി സര്‍ക്കാര്‍ 2014ല്‍ അധികാരമേറ്റതുമുതല്‍ ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യം അടിച്ചമര്‍ത്തപ്പെടുകയാണ്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഈ സംഭവവും. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദലിത് ആദിവാസി സമൂഹങ്ങള്‍ക്കെതിരെയും വംശീയവെറി പ്രചരിപ്പിക്കുന്ന സംഘ് പരിവാര്‍ സംഘടനകള്‍ ഫാഷിസ്റ്റുകള്‍ തന്നെയാണെന്നും അവരുടെ വിദ്യഭ്യാസ മേഖലകളിലുള്ള കടന്നുകയറ്റം ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ക്ലാസ്സ് എടുത്തതുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് വിധേയമായ അധ്യാപകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി കേരള കാമ്പസിനു മുന്നില്‍ നടത്തിയ പ്രതിഷേധ ക്ലാസ്സ് മുറിയില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹ്യുദ്ദീന്‍, ഷഹബാസ് കോളയാട്, അസ്ലം സൂരംബയല്‍, യാസര്‍ സി.എ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News